സുകുമാർ അഴീക്കോടിന്റെ വരികളിൽ നിന്ന് തുടങ്ങാം..
കേരളത്തിലെ ഓരോ മനുഷ്യരും, ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം ആവുകയും, ഒറ്റയ്ക്കു, ഒരു അടിയന്തര പ്രേമേയമോ ആകേണ്ട കാലം അതിക്രമിച്ചു.. പിണറായി സർക്കാരിൻറെ നാലാം വാർഷികം.
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒമ്പതാം വാർഷികം.
പിണറായി 3.0 ലോഡിങ് എന്നാണ് ക്യാപ്സൂൾ തൊഴിലാളികൾ പ്രചരണം നടത്തുന്നത്. മാധ്യമ സിൻഡിക്കേറ്റ് എന്ന് നിലവിളിച്ചവർ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി തങ്ങളുടെ സിൻഡിക്കേറ്റ് ആക്കി മാറ്റിയിരിക്കുന്നു.
ആഭ്യന്തര വകുപ്പ് എന്നത് കേരളത്തിൽ ഇത് പോലെ കുത്തഴിഞ്ഞ ഒരു കാലം ഉണ്ടാകുമോ?
നീതിക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീ പോലീസുകാരാൽ പീഡിപ്പിക്കപ്പെടുന്ന കാലം.
നീതി കിട്ടാതെ പോയ റിയാസ് മൗലവി തൊട്ട് പാലത്തായിയിലെ പെൺകുട്ടി വരെ. വാളയാറിൽ രക്ഷകർത്താക്കൾ പ്രതിയാണോ അല്ലയോ എന്നതല്ല ആ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയ പ്രതികൾ ശിക്ഷിക്കപ്പെട്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. കഞ്ചാവുമായി പിടിക്കപ്പെടുന്ന എംഎൽഎയുടെ മകൻ ഊരി പോകുമ്പോൾ, കയ്യോടെ പിടിച്ച ഉദ്യോഗസ്ഥൻ മൈലുകൾക്ക് അപ്പുറത്തേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങിപ്പോകുന്നു. അകാലത്തിൽ മരണപ്പെട്ട സഖാവായ ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമാക്കിയ വിവരക്കേട് പറഞ്ഞ സഖാവ് സുഖമായി നടക്കുന്നു. മാവോയിസ്റ്റ് മുദ്ര ചാർത്തപ്പെട്ട് വെടിയേറ്റ് മരിച്ച ഏഴു തീവ്ര സഖാക്കളുടെ ആത്മാവ് എവിടെ വിലയും പ്രാപിച്ചു എന്ന് പോലും അറിയില്ല. വർഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾ നല്ലതുപോലെ അരങ്ങുതകർക്കുമ്പോഴും തേടിയെത്താവുന്ന കേന്ദ്ര ഏജൻസികൾ ഉണ്ടാക്കാവുന്ന പൊല്ലാപ്പ് ആലോചിക്കുമ്പോൾ അവർക്കെതിരെയെല്ലാം നിശബ്ദത മാത്രം. ആഭ്യന്തരമന്ത്രി കസേരയിൽ ഒരാൾ ഇരിക്കുമ്പോഴും, കേരളത്തിലെ കോപ്രസിദ്ധ കൊള്ളരുതായ്മകൾക്ക് നേതൃത്വം കൊടുത്ത സഖാവാണ് വളയം പിടിക്കുന്നത് എന്ന് എല്ലാവരും അടക്കം പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ തീ പിടിച്ച് മരണപ്പെട്ട മനുഷ്യരുടെ മരണകാരണം ഇപ്പോഴും അജ്ഞാതമത്രേ.
പേ വിഷബാധയ്ക്കെതിരെ വാക്സിൻ കുത്തിവെച്ച് സുരക്ഷിതർ എന്ന് കരുതിയ മനുഷ്യർ മരിക്കുന്ന കാഴ്ച. കാടിറങ്ങുന്ന കടുവയും ആനയും കൊല്ലുന്ന മനുഷ്യരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. പാലാരിവട്ടം പാലം തകർന്നുവീണത് ഒരു തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ആക്കിയ അവരുടെ കാലത്ത് തകർന്നുവീഴുന്ന പാലങ്ങൾ രണ്ടക്കം കടന്നിട്ടും ന്യായീകരണം മാത്രം.
നിർമ്മാണ മേഖലയിലെ പെൻഷൻ കൊടുത്തിട്ട് മാസം 21, ക്ഷേമനിധിയിലെ പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും മുടങ്ങിയിട്ട് ആറുമാസത്തിലേറെ. ഡിഎയും ആനുകൂല്യങ്ങളും കിട്ടാത്ത ബഹുഭൂരിപക്ഷം സർക്കാർ ഉദ്യോഗസ്ഥരും എൻജിഒ യൂണിയൻകാരും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കാരുമായതുകൊണ്ട് ന്യായീകരണ ക്യാപ്സൂളുകൾ വിതറി മുറിക്കുള്ളിൽ കടിച്ചമർത്തി ജയ് വിളികളോട് കൂടി മുന്നോട്ടുപോകുന്നു.
ഒരുകാലത്ത് തങ്ങൾ മൈക്ക് കെട്ടി വെച്ച് എതിർത്തതൊക്കെയും ഇപ്പോൾ തങ്ങളുടെ വികസനത്തിന്റെ അക്കൗണ്ടിലേക്ക് ചേർത്തുവയ്ക്കുന്നു.
കെ ചേർത്ത് വന്നത് പലതും കാണുവാൻ പോലും ഇല്ല.
ചെറുപ്പക്കാരെ കൊന്ന സഖാക്കളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ എടുത്തുകൊണ്ട് നടത്തുന്ന അഭ്യാസങ്ങൾ വേറെ. കാലിത്തൊഴുത്തിനും, പട്ടിക്കൂടിനും വരെ ലക്ഷങ്ങൾ ചെലവാക്കുന്ന മന്ത്രി മന്ദിര ആഡംബരങ്ങൾ വേറെ.
കോടികൾ മുടക്കിയ നവകേരള സദസ്സിനു ശേഷം അതിലും ആഡംബരമായി നാലാം വാർഷികാഘോഷം. വയനാട് പുനരധിവാസത്തിന്റെ പാളിച്ചയെ കുറിച്ച് പറഞ്ഞാൽ അവരെ സംസ്ഥാന ദ്രോഹികൾ ആക്കാൻ നടക്കുന്ന സൈബർ വെട്ടുകിളി കൂട്ടം.
ഇവർ രാഷ്ട്രിയ പരമായി ചോദ്യം ചെയ്യപെടുക തന്നെ വേണം….. ഒക്കെ മാറുമെന്നും.. സാധാരണക്കാരയ പാവം മനുഷ്യർക്ക് നീതി കിട്ടുന്ന ഒരു കാലം വരുമെന്നും…പ്രതീക്ഷിക്കാം…
ശ്രീനാഥ് രഘു,
സംസ്ഥാന വൈസ് പ്രസിഡന്റ്
( INTUC യങ് വർക്കേഴ്സ് കൗൺസിൽ,കേരള )