Sunday, August 17, 2025

കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

ശരീരം നഷ്ടമായ ചിറകുകൾ

ജീവിതത്തിലെ ആശകളും സന്തോഷങ്ങളും ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല. അഥവാ നിങ്ങൾ പരിപൂർണനായി സന്തോഷവാനാണെന്നോ സ്വയം ആഗ്രഹങ്ങളൊന്നും ബാക്കി ഇല്ലാതെ തൃപ്തിപ്പെട്ടെന്നോ തോന്നിയാൽ ആ ജീവിതത്തെ ഒന്ന് തിരിഞ്ഞു നോക്കേണ്ടതുണ്ട്, ഒന്നുകിൽ നിങ്ങൾ എന്തോ വിട്ട് പോയിട്ടുണ്ട് അല്ലെങ്കിൽ നിങ്ങൾ ജീവിതത്തെ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിൽ പിന്നെന്തിനാണ് ഒരിക്കലും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ശമ്പളവും ആഡംബരജീവിതവും ലഭിച്ചിട്ടും മനസ്സ് പഴയ ആ കളിക്കളത്തിലേക്കും അതിന് സമീപത്തെ പുഴക്കടവിലേക്കും ഒഴുകി പോകുന്നത്.ഈ മൂന്നുനില കെട്ടിടത്തിന്റെ തുറസ്സായ തറയിൽ, താഴെ വരിവരിയായി ഹോൺ മുഴക്കി ജീവിതം തള്ളി നീക്കുന്ന ഒച്ചപ്പാടിൽ കൈയിലൊരു ബിയർ ബോട്ടിലും പിടിച്ചു ആകാശം നോക്കി കിടക്കുമ്പോൾ സമയം വളരെ പതിയെയാണ് നീങ്ങുന്നതെന്ന് തോന്നും. അന്നേരം ഫോണിലേക്ക് ശ്യാമിന്റെ കോൾ വന്നു.

“എടാ, നീ റൂമിൽ എത്തിയോ”? ആ ചോദ്യത്തിൽ പൊന്തി നിന്നത് ഒരു കരുതലിന്റെ സ്വരമാണെന്ന് എനിക്ക് തോന്നിയില്ല.

“എത്തിയടാ, എന്താ കാര്യം?” നാക്ക് കുഴയാതെ ഒരുവിധം പറഞ്ഞൊപ്പിച്ചു.

“അളിയാ, നാളെയാണ് ആ വെർമ കമ്പനിക്ക് വേണ്ടിയുള്ള ഇൻറർവ്യുവിനുള്ള ക്യാൻഡിഡേറ്റ്സിനെ ഷോർട്ലിസ്റ്റ് ചെയ്യേണ്ട അവസാന ദിവസം, എടാ എനിക്ക് നാളെ കുറച്ചു പരിപാടിയുണ്ടെടാ നീ അതൊന്ന് സബ്മിറ്റ് ചെയ്യാമോ ?”

ഇത് തന്നെയാണ് ഞാനും പ്രതീക്ഷിച്ചത്. “ഓ, അതിനെന്താടാ ഞാൻ നോക്കിക്കോളാം.” കോർപറേറ്റ് സഹജമായ വ്യാജശബ്ദത്തിൽ ഞാൻ ഛർദിച്ചു. പരസ്പരം നേട്ടം ഉണ്ടാക്കാനും തരം കിട്ടുമ്പോഴെല്ലാം കൂടെനിൽക്കുന്നവന്റെ കുതികാല് വെട്ടാനും മനുഷ്യരെ പ്രാപ്തരാക്കുന്ന ഈ അന്തരീക്ഷത്തിൽ മനുഷ്യത്വപരമായ മൂല്യങ്ങൾ പ്രതീഷിക്കുന്നവൻ വിഡ്ഢിയാണ്.

പകൽ സമയത്തു വെയിൽ ഉരുക്കി ഒഴിച്ച തറയിൽ ഇപ്പോൾ തണുപ്പ് വ്യാപിക്കുന്നു. ഞാൻ ആകാശത്തേക്ക് നോക്കി. ഒട്ടനേകം നക്ഷത്രങ്ങൾ കണ്ണു ചിമ്മി നില്പ്പുണ്ട്. ഭൂമി തടുത്തുനിർത്തിയിരിക്കുന്ന കണ്ണുനീർത്തുള്ളികൾ മഴയെന്ന വ്യാജേന പൊഴിഞ്ഞ് വീഴാൻ തുടങ്ങി.

അന്നേരം താഴെ പുതിയതായി തുടങ്ങിയ ടർഫിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ബഹളം കേട്ട് ഞാൻ പതിയെ എണീറ്റ് ചുവരിൽ തല ചാരിവച്ചു താഴേക്ക് നോക്കി. നെടുനീളൻ വലവിരിച്ചു കെട്ടിയ അടഞ്ഞ മൈതാനത്തു പത്തോളം കുട്ടികൾ കളിക്കുന്നുണ്ട്. ചിലന്തി ഇരയെ പിടിക്കുന്നപോലെ ടർഫുകൾ കുട്ടികളെ വിഴുങ്ങിയിട്ടുണ്ട്.

മനസ്സ് വീണ്ടും ആ പഴയ കളിക്കളത്തിലേക്ക് ഓടി പോയി.

ധാരാളം റബ്ബർ മരങ്ങൾ വച്ച് പിടിപ്പിച്ച ഒരു സ്ഥലത്തിന്റെ മധ്യഭാഗത്തുള്ള ഒഴിഞ്ഞൊരു പ്രദേശമായിരുന്നു ഞങ്ങളുടെ ഗ്രൗണ്ട്. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാൻ, അപ്പുച്ചേട്ടൻ, ജോബി, ജോബിയുടെ അനിയൻ ലൂക്ക, കുഞ്ഞു ദീപു, ദീപുവിന്റെ ചേട്ടൻ ബിജിത്, പിന്നെ അബി. ഇത്രയും പേരായിരുന്നു സ്ഥിരം കളിക്കാർ. ചിലപ്പോഴെല്ലാം വാസുവും കൂടാറുണ്ട്. വാസു ബുദ്ധിവികാസം എത്താത്ത കുട്ടിയായിരുന്നു ആയതിനാൽ എന്നും അവൻ കളിക്കാൻ കൂടാറില്ല. വാസുവിന് അസാമാന്യ കൈക്കരുതാണ്. അവന്റെ ഒരു അടിയിൽ ബോൾ പോകുന്ന പോക്കിൽ കൂടെ ഓടിയിലെങ്കിൽ പിന്നെ കടവിൽ ചാടി നീന്തി എടുക്കേണ്ടി വരും. സാധാരണ ടീം പിരിക്കുമ്പോൾ ഞാൻ അപ്പുച്ചേട്ടന്റെ ടീമിൽ എടുക്കാൻ ശാഠ്യം പിടിക്കും. അപ്പുച്ചേട്ടന് എന്റെതിൽ നിന്നും ഏഴ് വയസ്സ് മൂത്തതാണ്. അക്കാലങ്ങളിൽ ഒരു ചേട്ടനുവേണ്ടിയുള്ള എന്റെ ആഗ്രഹം കലശലായിരുന്നു. സ്കൂളിൽ എന്റെ സഹപാഠികളെ വിളിച്ചുകൊണ്ട് പോകാൻ വരുന്ന അവരുടെ ചേട്ടന്മാരെ കാണുമ്പോൾ എനിക്ക് സങ്കടം വരും. വീട്ടിലെത്തുമ്പോൾ അമ്മയോട് ഞാൻ എനിക്കൊരു ചേട്ടനെ തരാൻ കെഞ്ചി പറയും. “കാളിയേടത്തെ മീന ഭരണി ആവട്ടെ, നിനക്ക് നല്ലൊരു ചേട്ടനെ ഞാൻ വാങ്ങിത്തരാം” അമ്മ എന്നെ കളിയാക്കും. ഇത് കേട്ട് ഊറിച്ചിരിക്കുന്ന പെങ്ങളെ ദേഷ്യത്തോടെ നോക്കി ഞാൻ കളിക്കാൻ ഓടും. വൈകുന്നേരം എല്ലാവരും പറമ്പിൽ സന്നിഹിതരായിരിക്കും. പതിവിന് വിപരീതമായി ഞാൻ അപ്പുച്ചേട്ടന്റെ എതിർ ടീമിൽ ആയിപോയാൽ പിന്നെ എന്റെ ഉത്സാഹം എല്ലാം വാടി പോകും. കളിക്കാനായി എന്റെ അപ്പൂപ്പൻ തടിയിൽ വെട്ടിയെടുത്തു പെയിന്റ് ചെയ്ത് തന്നൊരു ബാറ്റ് ഉണ്ട്. അപ്പുച്ചേട്ടന്റെ കൈയിൽ ഒറിജിനൽ ബാറ്റ് ഉണ്ടാവും. അതിൽ എം ആർ എഫ് എന്ന് എഴുതിയിട്ടുണ്ട്. എന്റെ ഇഷ്ടപെട്ട കളിക്കാരൻ ധോണി ആയതുകൊണ്ട് ഞാൻ എന്റെ ബാറ്റിൽ ആർ ബി കെ എന്നാണ് എഴുതിയത്.

ലൂക്ക അസാധ്യ ബോളറാണ്. ടെന്നിസ് ബോളിലാണ് കളിയെങ്കിലും ലൂക്കയുടെ ബോൾ അടിക്കാൻ എല്ലാവർക്കും പ്രയാസമാണ്. കളിക്കളത്തിന് പുറകിലാണ് കുഞ്ഞു ദീപുവിന്റെയും ബിജിത്തിന്റെയും വീട്. അവിടെ സാധാരണ അവരുടെ ഒരു പട്ടിക്കുട്ടിയും പ്രായംചെന്ന ഒരു അമ്മൂമ്മയും മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ചില ദിവസങ്ങളിൽ അമ്മൂമ്മ എല്ലാവർക്കും ചോറും മീൻ കൂട്ടാനും തരും. ഞാൻ ആ പാത്രം വടിച്ചുനക്കി തിരികെ കൊടുക്കും. തിരികെ വീട്ടിലെത്തുമ്പോൾ അമ്മ ചോറിടട്ടെ എന്ന് ചോദിക്കുമ്പോൾ ഞാൻ കഴിച്ചെന്ന് പറയും. അന്നേരം അമ്മൂമ്മ ചോറുതന്ന കാര്യം പറയുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു. അവിടുന്ന് ഒന്നും കഴിക്കാൻ പാടില്ലെന്നും അവരൊക്കെ വൃത്തി ഇല്ലാത്ത കൂട്ടരാണെന്നും അമ്മയും അമ്മൂമ്മയും എന്നെ വഴക്ക് പറയും. അതിന്റെ പേരിൽ എന്നെ കളിക്കാൻ വിടാതിരുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

എന്നാലും ഞാൻ ഇടയ്ക്കിടക്ക് അവരുടെ വീട്ടിൽ പോകുകയും ആഹാരം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്കെല്ലാവർക്കും സ്വന്തം വീടുപോലെയായിരുന്നു ആ വീട്. നല്ല വൃത്തിയായി പാത്രം കഴുകി തൂവെള്ള ചോറും ചട്ടിയിൽ വച്ച ചൂട് മീൻകറിയും കഴിക്കുമ്പോൾ എന്റെ വീട്ടുകാരെ ഞാൻ മറക്കും, അവരെ ഒരിക്കൽ ഇവിടെ കൊണ്ട് വന്ന് മീൻ കറി തീറ്റിച്ചു ഇതിന്റെ രുചി അറിയിക്കണമെന്ന് വിചാരിച്ചിരുന്നു.

കളി കഴിഞ്ഞാൽ ഞങ്ങൾ സ്ഥിരമായി പോകാറുള്ളത് പുഴക്കടവിലേക്കാണ്. അഗസ്ത്യമലയിൽ നിന്നും ഉത്ഭവിക്കുന്ന പുഴയുടെ ഒരു കൈവഴിയാണ് ഇതുവഴി ഒഴുകുന്നത്. പണ്ട് അക്കരെ ഉത്സവത്തിന് പോകാൻ തോണി ഉണ്ടായിരുന്നു. തോണിക്കാരന് പപ്പുച്ചേട്ടൻ അക്കരെയാണ് താമസിച്ചിരുന്നത്. കടവിൽ ഞങ്ങൾ ഇറങ്ങുന്ന ഭാഗം ആഴം കുറഞ്ഞതാണ്. കുഞ്ഞുദീപുവും ബിജിത്തും ഞങ്ങളുടെ ഒപ്പം വരാറില്ല. കളികഴിഞ്ഞാൽ അവർക്ക് അപ്പിടി പണിയാണ്. അന്നേരം അവരുടെ ഒരു മാമൻ വരാറുണ്ടായിരുന്നു. അയാളോടൊപ്പം അവന്മാർ തേങ്ങാവെട്ടാൻ പോയിരുന്നു. ഞങ്ങൾ എത്രയൊക്കെ നിർബന്ധിച്ചാലും അവർ വരാറില്ല. ചിലപ്പോൾ മാമനോടുള്ള ഭയം കൊണ്ട് ആയിരിക്കാം.

ജോബിയും അപ്പുച്ചേട്ടനും നന്നായി നീന്തും. എനിക്ക് ഭയങ്കര പേടിയായിരുന്നു. ഒരിക്കൽ രണ്ട് വാഴത്തട വെട്ടി അവ കൂട്ടിക്കെട്ടി എന്നോട് അതിൽ പിടിക്കാൻ അപ്പുച്ചേട്ടൻ പറഞ്ഞു. ഞാൻ ഭയത്തോടെ അതിൽ പിടിച്ചു. അപ്പുച്ചേട്ടനും ജോബിയും ഇരുവശത്തുമായി പിടിച്ചു എന്നെയും കൊണ്ട് നദിക്ക് കുറുകേ നീന്തി. നദിയുടെ മധ്യഭാഗത്തു എത്തിയപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചുപിടിച്ചു. മറ്റൊരിക്കൽ എന്നെയും തോളിലേറ്റി അപ്പുച്ചേട്ടൻ നദി നീന്തി കടന്ന് തിരിച്ചു വന്നു.

അപ്പുച്ചേട്ടൻ നല്ല വായനക്കാരൻ ആയിരുന്നു. അപ്പുച്ചേട്ടന്റെ മുറിയിൽ അധികം ആരെയും കയറ്റാറില്ല, പക്ഷെ എന്നെ ഇടക്ക് ഇടക്ക് ആ മുറി തുറന്ന് കാണിക്കും. ഒരുവശത്തു അപ്പുച്ചേട്ടന്റെ കോളേജിലെ കുറച്ചു പുസ്തകങ്ങളും മറുവശത്തു നിറയെ കഥാപുസ്തകങ്ങളും.

“ഇതെല്ലം അപ്പുച്ചേട്ടൻ വായിച്ചതാണോ?” ഒരിക്കൽ ഞാൻ ചോദിച്ചു.

അന്നേരം ആ പുസ്തകങ്ങളുടെ ഇടയിൽ നിന്നും എനിക്ക് ഒരു പുസ്തകം എടുത്തുകൊണ്ട് തന്നു, “നീ ഇത് കൊണ്ടോയി വായിച്ചിട്ട് തിരിച്ചു തന്നാ മതി”.

ഞാൻ ആ പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നോക്കി. വെളുപ്പും പച്ചയും നിറഞ്ഞ അതിന്റെ പുറം ചട്ടയിൽ ഒരു ഓലപ്പന്തും ഒരു ഗ്ലാസ്സിനികത്തു മഞ്ചാടികുരു ഉയർത്താൻ ശ്രമിക്കുന്ന തുമ്പിയും. അതിന് താഴെ മഞ്ഞ അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു. “ഉണ്ണിക്കുട്ടന്റെ ലോകം – നന്തനാർ.” എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു ആ പുസ്തകം ഞാൻ വീട്ടിൽ കൊണ്ട് പോയി. പിറ്റേദിവസം അവധിയായിരുന്നു. ഒരു രാത്രിയും ഒരു പകലുമെടുത്തു അത് വായിച്ചു തീർത്തു. ആയിരം മഴ ഒന്നിച്ചു നനഞ്ഞു തീർത്ത അനുഭവമായിരുന്നു അത്. പിന്നീട് പലപ്രാവശ്യം ഞാൻ അമ്മയോട് നെയ് കുഴച്ച ചോറ് തരാൻ പറഞ്ഞിട്ടുണ്ട്. ഇതെന്താ പുതിയവട്ട്‌ എന്ന രീതിയിൽ അമ്മ ചോറ് കുഴച്ചു തരും. പിന്നീട് പല പ്രാവശ്യവും അപ്പുച്ചേട്ടൻ എനിക്ക് പുസ്തകം തന്നിട്ടുണ്ട്. ഒലിവർ ട്വിസ്റ്റും, നാലുകെട്ടും, ആടുജീവിതവും, ആൽകെമിസ്റ്റും ഒക്കെ ഇങ്ങനെ വായിച്ചവയാണ്. അപ്പുച്ചേട്ടനാണ് എന്നെ നാട്ടിലെ ഗ്രന്ഥശാലയിൽ ആദ്യമായി കൊണ്ട് പോയത്. അമ്മയോടൊപ്പം അമ്പലത്തിൽ തൊഴാൻ പോയപോലെയാണ് അന്ന് എനിക്ക് അനുഭവപ്പെട്ടത്. അപ്പുച്ചേട്ടൻ തന്നെയാണ് പണം നൽകി എനിക്ക് അംഗത്വം എടുത്തത്. ഞാൻ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ വലം വെക്കുകയായിരുന്നു.

ഒരു വശത്തു അലമാരയിൽ മുഴുവൻ തടിച്ച ഗ്രന്ഥങ്ങൾ ആയിരുന്നു. അവയ്ക്ക് മുകളിൽ പരിഭാഷ എന്ന് എഴുതി ഒട്ടിച്ചിരുന്നു. അവയ്ക്ക് അകത്തു കണ്ട ഗ്രന്ഥങ്ങളുടെ പേരുകൾ ഞാൻ മനസിൽ വായിച്ചു. കാരമസോവ് സഹോദരന്മാർ, അമ്മ, അന്നകരിനീന, യുദ്ധവും സമാധാനവും, ഗ്രെക്കോ മുത്തച്ഛനുള്ള കുറിമാനം, വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു അങ്ങനെ അവ നീണ്ട് നീണ്ട് പോകുന്നു. മറ്റൊരിടത്തു കഥകൾ ആയിരുന്നു അവിടെ പൊറ്റക്കാടിന്റെയും എം ടിയുടെയും മാധവികുട്ടിയുടെയും ഉറൂബിന്റെയുമെല്ലാം കഥകൾ വിരാജിച്ചു. അന്നേരം അപ്പുച്ചേട്ടൻ കുമാരനാശാന്റെ ബാലരാമായണം എനിക്ക് എടുത്ത് തന്നു. എനിക്ക് വേണ്ടത് എന്നേക്കാൾ കൂടുതൽ അറിയുന്നത് അപ്പുച്ചേട്ടന് ആണെന്ന് അപ്പോഴേക്കും ഞാൻ ഉറപ്പിച്ചിരുന്നു.

പൊടുന്നനെ താഴെ റോഡിലൂടെ ഒരു കാർ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടു. ടർഫിൽ കുട്ടികൾ കളി മതിയാക്കി പോയിരുന്നു. ട്രാഫിക് ബ്ലോക്കിനും ഏതാണ്ട് ശമനം ആയി. ഇതിനിടയിൽ പെയ്ത മഴ ഞാൻ പൂർണമായും നനഞ്ഞിരുന്നു. ഇന്ന് ഏതായാലും ഇനി റൂമിൽ പോകുന്നില്ല. ഇവിടെത്തന്നെ കിടന്ന് നേരം വെളുപ്പിക്കാം. ഓർമ്മകൾ കൂട് തുറന്ന് വിട്ട പക്ഷിയെപ്പോലെ ചിറകടിച്ചുകൊണ്ടിരുന്നു.

അന്ന് ഒരു മധ്യവേനൽ അവധിക്കാലമായിരുന്നു. കാളിയേടത്തെ മീനഭരണി ഉത്സവ ദിവസം. ഞങ്ങൾ പതിവുപോലെ രാവിലെ കളി തുടങ്ങിയിരുന്നു. വാസുവും അന്ന് കളിക്കാനെത്തി. മീനഭരണി നാട്ടിൽ വലിയ ഉത്സവമാണ്. ചെണ്ടമേളവും ഡിജിറ്റൽ തംബോലയുമൊക്കെയായി കൊഴുക്കും. ഞങ്ങൾ ഐസ്ക്രീം ഒക്കെ കഴിച്ചു മുൻപന്തിയിൽ ഉണ്ടാകും. അമ്മയൊക്കെ വൈകുന്നേരം പോയി വരും. ഞാൻ ജോബിയുടെയും ലൂക്കയുടെയും അമ്മയുടെ കൂടെയാണ് പോകാറ്. ഇത്തവണ അപ്പുച്ചേട്ടനൊപ്പം പോകണമെന്നായിരുന്നു കരുതിയിരുന്നത്. കളി കഴിഞ്ഞു വൈകുന്നേരം കടവിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ പതിവില്ലാതെ കുഞ്ഞുദീപുവും ബിജിത്തും കൂടി. എന്നാൽ വൈകിട്ട് എല്ലാവർക്കും കൂടി ഒരുമിച്ച് ഉത്സവത്തിന് പോകാം എന്നായി. എന്നിൽ സന്തോഷം കെട്ടഴിച്ചു വിട്ട പട്ടം പോലെയായിരുന്നു. ഞങ്ങൾ മുതിർന്ന കുട്ടികൾ ആയ പോലെ തോന്നി.

ആറുമണിയോട് കൂടി എല്ലാവരും തയാറായി വന്നു. എന്നാൽ വാസുവിനെ കണ്ടില്ല. ചോദിച്ചപ്പോൾ അവൻ കുളിക്കാൻ പോയിട്ടേയുള്ളു അങ്ങ് എത്തിക്കോളുമെന്നു അവന്റെ അമ്മ പറഞ്ഞു. ശരിയാണ് ഞങ്ങൾ കുളിക്കുന്ന സമയം അവൻ ഉണ്ടായിരുന്നില്ല. സന്ധ്യ സമയം കഴിഞ്ഞാൽ ആരും കടവിൽ പോകാറില്ല. എന്നിരുന്നാലും അവന് പരിചയം ഉള്ള കടവാണ്. ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. അപ്പുച്ചേട്ടൻ പുറകിലാണ് ഫോണിൽ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ട് ആണ് വരവ്. എനിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. അപ്പുച്ചേട്ടന്റെ കൈ പിടിച്ചു നടന്ന് പോകാൻ കൊതിച്ചിരുന്നതായിരുന്നു ഞാൻ. ഏതായാലും അമ്പലത്തിൽ എത്തിയപ്പോൾ ഞങ്ങൾ പലദിക്കിലായി. ഞാനും ജോബിയും സമപ്രായക്കാരാണ്. ഞങ്ങൾ അവിടെയെല്ലാം ഓടി നടന്നു. അപ്പുച്ചേട്ടൻ ഐസ്ക്രീം വാങ്ങി തന്നു. അതും നുണഞ്ഞു ഞങ്ങൾ ചെണ്ടമേളം കാണാൻ പോയി. രാത്രി വൈകി വെടിക്കെട്ടും കണ്ടാണ് ഞങ്ങൾ മടങ്ങിയത്. അപ്പോഴേക്കും അപ്പുച്ചേട്ടനെ അവിടെങ്ങും കണ്ടിരുന്നില്ല. തിരക്കിയപ്പോൾ ജോബിയുടെ അമ്മ പറഞ്ഞു, എന്തോ അത്യാവശ്യമായിട്ട് നേരത്തെ പോയെന്ന്.

കുളിച്ചിട്ട് വരാമെന്ന് പറഞ്ഞിരുന്ന വാസുവിനെയും കണ്ടിരുന്നില്ല. എനിക്ക് അപ്പുച്ചേട്ടനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോകാല്ലോ. താമസിച്ചു വീട്ടിലെത്തിയ എനിക്ക് അമ്മേടെ അടുക്കൽ നിന്നും കണക്കിന് കിട്ടി, ശേഷം ഞാൻ ക്ഷീണത്താൽ കേറി കിടന്ന് ഉറങ്ങി.

അന്ന് ഞാൻ അഗാധമായി ഉറങ്ങി. കൂരിരുട്ടിൽ ഞാൻ സ്വപ്നങ്ങൾ കണ്ടു. ഇരുട്ട് പുകപോലെ പരന്നു. അവയിൽ ഇരുണ്ട വൃത്തങ്ങൾ രൂപപ്പെട്ടു. അവയെല്ലാം ഒരു മധ്യബിന്ദുവിൽ സമ്മേളിച്ചു. അവിടെനിന്നും വേരുകൾ മുളച്ചു അവ ശക്തമായി മുകളിലേക്ക് ഒഴുകിപ്പരന്നു, അവയിൽ ചിലത് കൈ നീട്ടി എന്നെ പിടിച്ചു എന്നെ ആ ബിന്ദുവിലേക്ക് വലിച്ചിഴച്ചു. എന്റെ കാലുകൾ പൂർണമായും അതിലേക്ക് ആണ്ടിറങ്ങി.

ഞാൻ നിലവിളിച്ചു കണ്ണുതുറന്നപ്പോൾ അമ്മ എന്നെ കുലുക്കി വിളിക്കുകയായിരുന്നു. നേരം വെളുത്തിരുന്നു. അമ്മയുടെ മുഖത്തു പരിഭ്രമം തളം കെട്ടി.

“പുറത്തു എങ്ങും പോകരുത്, കതക് അടച്ചിരുന്നോ ഞാൻ ഇപ്പൊ വരാം.”

പതിയുറക്കത്തിൽ അമ്മ കതക് അടച്ചു പോകുന്നത് ഞാൻ കണ്ടു. പുറത്തു നിന്നും അലയടിച്ച ബഹളം ജനാലയിലൂടെ എന്റെ ചെവിയിലെത്തി. ഞാൻ എത്തിനോക്കിയപ്പോൾ കുറേപേർ താഴേക്ക് ഓടി പോകുന്നത് കണ്ടു. എല്ലാവരുടെയും മുഖത്തു സംഭ്രമം. എനിക്ക് എന്തോ പന്തികേട് തോന്നി.

പെട്ടെന്നു വാസുവിന്റെ മുഖം എന്റെ മനസ്സിൽ വന്ന് പതിഞ്ഞു. കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് ഞാൻ താഴേക്ക് ഓടി.

കടവിന്റെ ഭാഗത്തു കുറച്ചുപേർ കൂടിനില്പുണ്ട്. എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. എന്നാൽ എല്ലാവരും കടവ് കടന്നാണ് നടന്ന് പോകുന്നത്. ഞാൻ പോകുന്ന വഴി കടവിലേക്ക് ഒന്ന് എത്തി നോക്കി. പുഴ ശാന്തമായി ഒഴുകുന്നുണ്ട്. പതിയെ എന്റെ മനസ്സ് ശാന്തമായി. ഞാൻ നടന്ന് പോകുന്ന ആൾക്കാരെ അനുഗമിച്ചു. അവരെല്ലാം അപ്പുച്ചേട്ടന്റെ വീട്ടിലേക്കാണ് പോയത്. ചേട്ടന്റെ അച്ഛനോ അമ്മക്കോ വയ്യാതായി കാണുമോ? ഞാൻ ഭയന്നു.

വീടെത്താറായതും അപ്പുച്ചേട്ടന്റെ അമ്മയുടെ നിലവിളി അവിടമാകെ മുഴങ്ങി കേട്ടു. ഒപ്പം മറ്റുള്ളവരുടെ കൂട്ടനിലവിളിയും. അപ്പുച്ചേട്ടന്റെ അച്ഛൻ പുറത്തു വീടിന്റെ ഓരം ചാരി തളർന്ന് ഇരിപ്പുണ്ട്. അപ്പുച്ചേട്ടനെ അവിടെ എങ്ങും ഞാൻ കണ്ടില്ല. പുറകുവശത്തു കൂടി പോയാല് അപ്പുച്ചേട്ടന്റെ മുറിയുടെ വശത്തു എത്താം. അങ്ങോട്ടേക്ക് പോകാൻ തുനിഞ്ഞ എന്നെ ആരൊക്കെയോ വിലക്കി. ഞാൻ അത് ശ്രദ്ധിച്ചില്ല. ചേട്ടന്റെ മുറിയുടെ ജനാലക്ക് അരികിൽ കുറച്ചുപേർ കൂടി നിന്നു.

ഞാൻ അപ്പുച്ചേട്ടനെ വിളിക്കാൻ ജനാലക്ക് അകത്തേക്ക് നോക്കി. അന്നേരം ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അപ്പുച്ചേട്ടന്റെ പരന്ന നീണ്ട വെളുത്ത കാലുകൾ വായുവിൽ തൂങ്ങിയാടുകയായിരുന്ന കാഴ്ച ഞാൻ കണ്ടു. അവ ശരീരം നഷ്ടപ്പെട്ട തുമ്പി ചിറകുകൾ ആണെന്ന് എനിക്ക് തോന്നി.

അന്നാണ് എനിക്ക് ആദ്യമായി അപസ്മാരം വന്നത്. ബോധം തെളിഞ്ഞപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു.

അന്നുമുതൽ വായുവിൽ തൂങ്ങിയാടുന്ന കാലുകൾ എന്നെ നിരന്തരം വേട്ടയാടി.

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നാണല്ലോ പറയാറ്. അങ്ങനെ അപ്പുച്ചേട്ടന്റെ ഓർമകളും കാലം പതിയെ മായ്ച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ പുതിയ കഥാപാത്രങ്ങൾ രംഗപ്രവേശനം ചെയ്തു. എന്നാൽ എപ്പോഴാണോ ഞാൻ വേദന അനുഭവിക്കുന്നത് അപ്പോഴെല്ലാം എന്റെ ഓർമയിൽ ഓടി എത്താറുള്ളത് അപ്പുച്ചേട്ടനുമായി ബന്ധപ്പെട്ട ഓർമകളാണ്.

ഞാൻ പതിയെ എഴുന്നേറ്റിരുന്നു. കൈയിലുണ്ടായിരുന്ന ബിയർ പൂർണമായും കുടിച്ചു തീർത്തു. പതിയെ ചവിട്ടു പടികൾ ഇറങ്ങി ഓഫീസ് കെട്ടിടത്തിന് പുറകിലൂടെ താഴെ ഇറങ്ങി. റോഡിൽ കടകളെല്ലാം പതിയെ അടച്ചു തുടങ്ങിയിരുന്നു. എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. അടുത്തുള്ള ഒരു പുസ്തകശാല ലക്ഷ്യമാക്കി ഞാൻ നടന്നു. റോഡിന് മറുവശത്തായി പുതുതായി തുടങ്ങിയ കൂറ്റൻ മാൾ നദിക്ക് കുറുകെ കെട്ടിയ തടയണ പോലെ കാണപ്പെട്ടു. ഞാൻ യാന്ത്രികമായി അവിടേക്ക് കയറി. മൂന്നാമത്തെ നിലയിൽ ഒരു കോണിലായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു പുസ്തകശാല എനിക്കായി അവിടെ കാത്തുനിന്നു. കടയിൽ നിന്ന പയ്യൻ അക്ഷമയോടെ കട അടക്കാൻ പോകുവാണെന്നും ആവശ്യമുള്ള പുസ്തകം പെട്ടെന്ന് പറയുവാനും ആവശ്യപ്പെട്ടു. ഞാൻ അവനെയും മറികടന്ന് നോവൽ അടുക്കിവച്ചിട്ടുള്ള റാക്കിലേക്ക് തിരിഞ്ഞു.

ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഏറ്റവും താഴെ ബാക്കി ഉണ്ടായിരുന്ന ആ പുസ്തകത്തിന്റെ ഒരേ ഒരു കോപ്പി ഞാൻ നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടിയ സന്തോഷസമാനമായി എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു. അന്നേരം എന്റെ ഹൃദയത്തോട് ചേർന്ന് ഒരു തുമ്പി ചിറകിട്ടടിച്ചുകൊണ്ടിരുന്നു.

Share post:

Reshnu RS
Reshnu RS
1996 ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ചു. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് സ്കൂൾ, വർക്കല ശ്രീ നാരായണ കോളേജ് എന്നിവിടങ്ങളിൽ പഠനം. KSFE യിൽ ജോലി ചെയ്യുന്നു. Ph: 9605124014

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....