നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനായി റോഡികളിൽ സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ. നിയമലംഘനങ്ങള്‍ കുന്നുകൂടുമ്പോഴും ഒരുമാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല.
ക്യാമറകളുടെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവർത്തനവും വൈദ്യുതി കുടിശ്ശികയായതോടെ പ്രതിസന്ധിയിലാണ്. കെ.എസ്.ഇ.ബി. ബില്ല് കമ്പനിക്ക് ഇതുവരെ അടക്കാന്‍ കഴിഞ്ഞിട്ടില്ല.
കരാര്‍പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കെൽട്രോൺ കമ്പനിയാണ്. എന്നാൽ സർക്കാർ പണം അനുവദിക്കാത്തത് കാരണം കെ എസ് ഇ ബി കണക്ഷൻ കട്ട് ചെയ്യുന്ന സാഹചര്യത്തിലേക്ക് കടക്കുകയാണ്. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്.
ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെല്‍ട്രോണിന്റെ നിലപാട്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്പനി മെല്ലേ പോക്ക് നിലപാടിലേക്കു നീങ്ങുന്നത്. ആദ്യ ഗഡുവമായി സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്.
പ്രതിമാസം ഒരുകോടി രൂപയോളം സ്വന്തംനിലയ്ക്കു ചെലവഴിച്ചാണ് പദ്ധതി കെല്‍ട്രോണ്‍ നടത്തുന്നത് എന്ന് ഉന്നതർ പറയുന്നു. ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തിനും ചിലവുണ്ട്. ആറുമാസം ക്യാമറകൾ പ്രവർത്തിച്ചപ്പോൾ നിയമലംഘനങ്ങളില്‍നിന്ന് 33 കോടി രൂപ സര്‍ക്കാരിന് ഇതുവരെ ലഭിച്ചു. എന്നാൽ കടം വീട്ടാൻ ഈ തുക ഉപോയഗിക്കാനായില്ല.