മലയാള സിനിമയ്ക്ക് പിൽക്കാലത്ത് ലോക ചലച്ചിത്ര ഭൂപടത്തിൽ ഇടംനേടിക്കൊടുത്ത സിനിമകളുടെ നിർമാതാവ് കെ. രവീന്ദ്രനാഥൻ (90) അന്തരിച്ചു. നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ജനറൽ പിക്ചേഴ്‌സ് രവി, അച്ചാണി രവി, രവി മുതലാളി എന്നിങ്ങനെ വിളിപ്പേരുകളിൽ അറിയപ്പെട്ട അദ്ദേഹം എസ്തപ്പാൻ എന്ന സിനിമയിൽ മുഖംകാണിച്ചിട്ടുമുണ്ട്. അക്കാലത്ത് സമാന്തര സിനിമാ ധാരകളെ ഉൾക്കൊള്ളുന്ന ചിത്രങ്ങളെ ആർട് സിനിമകൾ എന്ന പേരിൽ വിശേഷിപ്പിച്ചിരുന്നു.
![](/wp-content/uploads/2023/07/2-4.jpg)
നിർമ്മിച്ചതെല്ലാം ക്ലാസിക്കുകൾ
1967-ലെ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു രംഗ പ്രവേശനം. ജനറൽ പിക്‌ചേഴ്‌സ് എന്ന നിർമ്മാണ കമ്പനിയുടെ തുടക്കവും ഇതോടെയാണ്. പി.ഭാസ്കരൻ ആയിരുന്നു ആദ്യ ചിത്രത്തിൻ്റെ സംവിധായകൻ. 68-ൽ ‘ലക്ഷപ്രഭു’, 69-ൽ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി.ഭാസ്കരൻ ജനറൽ പിക്‌ചേഴ്‌സിനുവേണ്ടി സംവിധാനം ചെയ്തു.
73-ൽ എ.വിൻസെന്റിന്റെ ‘അച്ചാണി നിർമ്മിച്ചു കൊണ്ട് സ്വന്തം പേരിനോട് സിനിമ കൂട്ടി ചേർത്തു. തുടർന്ന് അരവിന്ദൻ്റെ സിനിമകളുടെ കാലമായി 77-ൽ ‘കാഞ്ചനസീത’, 78-ൽ ‘തമ്പ്’, 79-ൽ ‘കുമ്മാട്ടി’ 80-ൽ ‘എസ്തപ്പാൻ’, 81-ൽ ‘പോക്കുവെയിൽ’ എന്നിവ നിർമ്മിച്ചു.
![](/wp-content/uploads/2023/07/3.jpg)
82-ൽ എം.ടി.വാസുദേവൻ നായർ ‘മഞ്ഞ്’ സംവിധാനം ചെയ്തു. മഞ്ഞ് ശരത് സന്ധ്യ എന്ന പേരിൽ ഹിന്ദിയിലും നിർമ്മിച്ചിരുന്നു. പക്ഷെ പുറത്തിറങ്ങിയില്ല. തുടർന്ന് അടൂർ കാലമായി. 1981 എലിപ്പത്തായം 84-ൽ ‘മുഖാമുഖം’, 87-ൽ ‘അനന്തരം’, 94-ൽ ‘വിധേയൻ’ എന്നീ ചിത്രങ്ങൾ അടൂർ ഗോപാലകൃഷ്ണൻ സാക്ഷാത്‌കരിച്ചു.
![](/wp-content/uploads/2023/07/4.jpg)
ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയിൽ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദേശീയ ചലചിത്ര അവാർഡ് കമ്മിറ്റി അംഗമായും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗമായും ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
![](/wp-content/uploads/2023/07/7.jpg)
കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളില്‍ ഒരാളായ പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനാണ്. കശുവണ്ടിവ്യവസായത്തില്‍ സജീവമായിരുന്നു. ഒരേസമയം പതിന്നാലോളം ഫാക്ടറികള്‍ അദ്ദേഹം നടത്തി. ഈ കുടുംബ പശ്ചാത്തലമാണ് സിനിമകളുടെ നിർമ്മാണത്തിനുള്ള പിൻബലമാവുന്നത്. തൃശൂരിലെ മാതാ തിയറ്റർ ഉടമകളായ അടിയാട്ട് കുടുംബത്തിൽ നിന്നാണ് വിവാഹം ചെയ്യുന്നത്. മലേഷ്യയിൽ ബിസിനസുകാരായിരുന്നു കുടുംബം. ഈ ബന്ധത്തിൽ നിന്നാണ് നിർമ്മാണ കമ്പനി എന്ന ആശയത്തിലേക്ക എത്തുന്നത്.
![](/wp-content/uploads/2023/07/6.jpg)