കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം യഥാർത്ഥത്തിൽ എന്തായിരുന്നു. അവർക്ക് ഇനിയും സുരക്ഷിതരായി മറഞ്ഞിരിക്കാൻ കഴിയുന്നത് എങ്ങനെയാണ്. ഇന്ത്യയിലെ തന്നെ മികച്ച പൊലീസ് സംവിധാനമുള്ള കേരളത്തിൽ വെറും പത്ത് ലക്ഷം രൂപ വിലപേശാൻ മാത്രം ബുദ്ധിയുള്ള ക്രിമിനലുകൾക്ക് ഇനിയും സുരക്ഷിതമായി ഒളിച്ച് കഴിയാൻ കഴുന്നത് എങ്ങിനെയാണ്.
കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒരു സംഘമാണ്. കൃത്യമായ ആസൂത്രണം ഇതിന് പിന്നിൽ ഉണ്ട്. നേരത്തെയും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നു. കാശ് ചോദിക്കാൻ മാത്രമാണ് ഈ കുറ്റകൃത്യം നടത്തിയത് എങ്കിൽ പൊലീസും മാധ്യമങ്ങളും ചൂഴ്ന്നു സാഹചര്യത്തിലേക്ക് കാൾ ചെയ്യാൻ ധൈര്യം കാണിച്ച ക്രിമിനലുകൾ അത്ര പ്രാവീണ്യം നേടിയവരല്ല. അവർ ഇനിയും പിടിയിലാവാതെ തുടരുന്നത് കേരളത്തിൻ്റെ പൊലീസ് രാഷ്ചട്രീയ സംവിധാനത്തിന് തന്നെ നാണക്കേടാവുകയാണ്.
കുട്ടിയെ കണ്ടെത്തിയതല്ല. കുറ്റവാളികൾ ഉപേക്ഷിക്കയാണ് ചെയ്തിട്ടുള്ളത്. അത് അന്വേഷണ സംവിധാനങ്ങളുടെ സമ്മർദ്ദമാണ് എന്നത് അവകാശവാദമാണ്. ഈ സാഹചര്യത്തിൽ കേസിൻ്റെ ഫോക്കസ് എന്നത് പ്രതികൾ തന്നെയാണ് എന്നിരിക്കെ മാധ്യമങ്ങളെയും ജനങ്ങളെയും പ്രശംസിക്കയാണ് അന്വേഷണ സംവിധാനങ്ങളുടെ തലപ്പത്തുള്ളവർ. മാധ്യമങ്ങൾ തന്നെയും തലതിരിഞ്ഞ മത്സരങ്ങളുടെ ഫലമായി വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായിരിക്കെയാണ് ഇത്.
എഡിജിപിയുടെ വാക്കുകൾ
കുട്ടിയെ തിരിച്ചുകിട്ടിയതാണ് ഏറ്റവും വലിയ സന്തോഷമെന്ന് കൊല്ലം എ.ആര്‍. ക്യാമ്പില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഡിജിപി പറഞ്ഞു.
“സാധാരണക്കാരായ നാട്ടുകാര്‍ക്കൊപ്പം ഈ ഭാഗത്തുള്ള എല്ലാ പോലീസുദ്യോഗസ്ഥര്‍, പ്രത്യേകിച്ച് സാധാരണ പോലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഡിഐജി നിശാന്തിനി, ഐജി സ്പര്‍ജന്‍ കുമാര്‍, അഡിഷണല്‍ എസ്പി പ്രതാപന്‍ നായര്‍ എന്നിവരൊക്കെത്തന്നെ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന് പോലീസ് നടപടികള്‍ ഏകോപിപ്പിക്കുകയും എല്ലാ സ്ഥലങ്ങളിലും പോലീസ് നിരീക്ഷണം വര്‍ധിപ്പിക്കുകയും ചെക്കിങ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. തെക്കന്‍ കേരളം ഒട്ടാകെത്തന്നെ വെഹിക്കിള്‍ ചെക്കിങ് മാത്രമല്ല, പ്രതികള്‍ ഒളിച്ചുതാമസിക്കാനിടയുള്ള സ്ഥലങ്ങള്‍, ക്വാറീസ്, റബര്‍ തോട്ടങ്ങള്‍, ഹോട്ടല്‍സ്, ഷാന്റീസ് എല്ലാം തന്നെ വേരിഫൈ ചെയ്തിട്ടുണ്ടായിരുന്നു, എല്ലാ ബോഡറും സീല്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു, ഈ ഭാഗം വിട്ട്- കൊല്ലം, ട്രിവാന്‍ഡ്രം ഭാഗംവിട്ട്-പ്രതികള്‍ പോകാനുള്ള സാധ്യതയില്ലെന്നുള്ളതായിരുന്നു ഞങ്ങളുടെ ഇന്നലെ രാത്രി വരെയുള്ള അസെസ്‌മെന്റ്. ഇന്ന് പകലോടുകൂടി തന്നെ നമുക്ക് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സാധിക്കുമെന്നായിരുന്നു വിശ്വാസം.
ഞങ്ങള്‍ കൊടുത്ത ആ പ്രഷറും അതുകൂടാതെ തന്നെ നിങ്ങള്‍ മാധ്യമങ്ങള്‍ കാണിച്ച ശുഷ്‌കാന്തിയും, ത്രൂഔട്ട് നിങ്ങള്‍ അത് റിലേ ചെയ്തതുകൊണ്ടുതന്നെ മൂന്നരക്കോടി ജനങ്ങള്‍ ഇത് സെര്‍ച്ച് ചെയ്യാന്‍ ഇറങ്ങിയതുപോലെയായി. ആ പ്രഷേഴ്‌സും എല്ലാം തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ക്കാര്‍ക്ക് വേറെ വഴിയില്ലാതെ കുട്ടിയെ സുരക്ഷിതമായി ആശ്രാമമൈതാനത്ത് കൊണ്ടുവിടേണ്ടി വന്നത്. അവിടെ വിട്ട കുട്ടിയെ തൊട്ടടുത്ത നിന്ന ആള്‍ക്കാര്‍ ലൊക്കേറ്റ് ചെയ്യുകയും കുട്ടിയ്ക്ക് ഫോണ്‍ നമ്പര്‍ അറിയാമായിരുന്നതിനാല്‍ കുട്ടിയുടെ അമ്മയൈ വിളിച്ചു. കുട്ടിയുടെ അമ്മയുടെ ഫോണുമായി കുട്ടിയുടെ അച്ഛന്‍ എന്റൊപ്പമായിരുന്നു ഉണ്ടായിരുന്നത്. കോള്‍ വന്ന സമയത്തുതന്നെ തിരിച്ച് ട്രാക്ക് ചെയ്യുകയും അവിടെവന്ന് കുട്ടിയെ റെസ്‌ക്യൂ ചെയ്ത് കൊണ്ടുവരികയും ചെയ്തു. കുട്ടി ഇപ്പോഴും ഫുള്ളി നോര്‍മലായി സംസാരിക്കാറായിട്ടില്ല. കുട്ടി ആ ഷോക്ക് വിട്ട് വരുന്നതേയുള്ളൂ. ഇപ്പോള്‍ മെഡിക്കല്‍ ഒബ്‌സര്‍വേഷനിലാണ്, മെഡിക്കല്‍ എക്‌സാമിനേഷന്‍ നടന്നുവരികയാണ്.
കുട്ടിയുമായി സംസാരിച്ചതില്‍ നിന്ന് പ്രാഥമികമായി മനസിലാക്കാന്‍ കഴിയുന്നത് വണ്ടിക്കകത്ത് കയറ്റുകയും കുട്ടി കരയാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും കുട്ടിയെ ബാക്ക് സീറ്റില്‍ കിടത്തുകയും ചെയ്തു എന്നാണ്. കുറേ കറങ്ങിയ ശേഷം ഒരു വീട്ടില്‍ കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയ ഡിഎമ്പാര്‍ക്ക് ചെയ്ത് ഒരു മുറിയില്‍ കൊണ്ടിരുത്തി. പിന്നെ അവര്‍ കുട്ടിയ്ക്ക് ആവശ്യമുള്ള ഭക്ഷണമൊക്കെ വാങ്ങിച്ചു കൊടുത്തു. കുട്ടിയെ ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണാന്‍ സമ്മതിച്ചു. പിന്നെ കുട്ടി ഉറങ്ങി. രാവിലെ കുട്ടിയെ മറ്റൊരു വെഹിക്കിളില്‍ കയറ്റി ചിന്നക്കടയില്‍ വരികയും അവിടെ നിന്ന് ഒരു ഓട്ടോറിക്ഷയില്‍ ആശ്രാമത്ത് ഡ്രോപ് ചെയ്യുകയും ചെയ്തുവെന്നതാണ് ഇതുവരെയുള്ള ഇന്‍ഫര്‍മേഷന്‍. കുട്ടി സ്റ്റേബിളാകുന്നതനുസരിച്ച് മാത്രമേ നമുക്ക് കൂടുതല്‍ വിവരങ്ങള്‍ കളക്ട് ചെയ്യാന്‍ പറ്റൂ. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നോര്‍മലി സസ്‌പെക്ട് ആയ എല്ലാ ആംഗിള്‍സും നമ്മള്‍ പരിശോധിച്ചുവരുന്നുണ്ട്. അധികം താമസിയാതെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് വിശ്വാസം, കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്, അതിനുശേഷം കൂടുതല്‍ വിവരം അറിയിക്കാം”, എഡിജിപി വിശദമാക്കി.