ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്ക് നിപയുമായി ബന്ധമില്ല. ഇവയെ ബാധിച്ചത് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിനടുത്താണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തത്. ഇത് വലിയ ആശങ്കയുയര്‍ത്തിയിരുന്നു. നിപയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്താണ് പന്നികൾ കൂട്ടത്തോടെ ചത്തത്. തുടര്‍ന്ന് പന്നികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിൽനിന്ന് ഡോക്‌ടർമാരടങ്ങുന്ന സംഘമാണ് മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. ജാനകിക്കാട്ടിൽ കണ്ട രണ്ട് കാട്ടുപന്നികളുടെ ജഡം ചീഞ്ഞളിഞ്ഞതിനാൽ സ്രവ പരിശോധന നടത്താനായില്ല. നാലാംകണ്ടിയിൽ കണ്ടെത്തിയ പന്നിയുടെ ജഡത്തിന് ഒരുമാസത്തെ പഴക്കമുണ്ടായിരുന്നു. ശരീരം അഴുകിയതിനാൽ സ്രവം എടുക്കാനായില്ല. മരുതോങ്കരയ്‌ക്കടുത്ത് കണ്ടെത്തിയ പന്നിയുടെ ജഡവും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടർന്ന് ഫാമുകളിൽ നിന്നാണ് സ്രവം ശേഖരിച്ചത്.
നിപ ബാധിച്ച് ഒരാൾ മരിച്ച കള്ളാട് നിന്നും അഞ്ച് കിലോ മീറ്റർ വ്യത്യാസത്തിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത് എന്നതാണ് ആശങ്ക പരത്തിയത്.