ആരോഗ്യ മന്ത്രി വീണാ ജോര്‍ജിൻ്റെ ഓഫീസ് ആരോപണ വിധേയമായ നിയമന തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റിൽ. തേനിയില്‍ നിന്ന് പത്തനംതിട്ട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐടിയു ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിയമനത്തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവുമായി ബന്ധമില്ലെന്ന് അഖില്‍ സജീവ് അറിയിച്ചതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. അറസ്റ്റ് കന്റോണ്‍മെന്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. വിവിധ കേസുകളിൽ അഞ്ച് കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.
ഹരിദാസിനെ അറിയില്ല, പണം വാങ്ങിയത് മറ്റുള്ളവർ
പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടില്ലെന്നും പത്തനംതിട്ട പൊലീസിനോട് അഖില്‍ സജീവ് പറഞ്ഞതായാണ് വിവരം. ലെനിന്‍, ബാസിത്, റഹീസ് എന്നിവരാണ് തട്ടിപ്പില്‍ ഉണ്ടായിരുന്നതെന്ന് പറഞ്ഞ അഖില്‍ സജീവ്, നിരവധി പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കിയതായാണ് വിവരം.
ബാസിതും റഹീസും നിര്‍ദേശിച്ചതനുസരിച്ച് ഒരുതവണ ഹരിദാസിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. കടം വീട്ടാനായിരുന്നു സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത്. കയ്യില്‍ പണമില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. ജീവിതം തകര്‍ന്നുവെന്നും പൊലീസിനോട് അഖില്‍ സജീവ് പറഞ്ഞു.
മലപ്പുറം സ്വദേശി ഹരിദാസാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് മരുമകൾ ഡോ.നിതരാജ് അപേക്ഷിച്ചതിന് പിന്നാലെ അഖിൽ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നുവെന്നും അഞ്ച് ലക്ഷം നൽകിയാൽ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. 25000 രൂപ അഡ്വാൻസായി അഖിൽ സജീവിന് മാർച്ച് 24ന് ഗൂഗിൾ പേ ചെയ്തു. പിന്നീട് ഒരുലക്ഷം തിരുവനന്തപുരത്തെത്തി അഖിൽ സജീവ് അയച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖിൽ മാത്യുവെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി. എന്നാൽ അഖിൽ മാത്യുവല്ല, അഖിൽ മാത്യുവെന്ന പേരിൽ അഖിൽ സജീവയച്ച മറ്റൊരാൾക്കാകും പണം കൈമാറിയതെന്നാണ് നിലവിൽ പൊലീസ് പറയുന്നത്. പിടിയിലായ അഖിൽ സജീവനെ ചോദ്യം ചെയ്ത ശേഷം ഇക്കാര്യത്തിലും വ്യക്തത ലഭിക്കും. പണം കൊടുത്തതിന് പിന്നാലെ നിത രാജിന് ആയുഷ് വകുപ്പിൽ നിന്നും ഇ മെയിൽ വന്നു. 25 നകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു മെയിൽ. ഇതിന് പിന്നാലെ അഖിൽ സജീവന് അൻപതിനായിരം രൂപ കൂടി നൽകി. നിയമനം കിട്ടാത്തതിനെ തുടർന്ന് ഹരിദാസൻ ഈ മാസം 13 ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.