ബോക്‌സ് ഓഫീസിൽ 100 കോടി രൂപ പിന്നിട്ട് രൺബീർ കപൂർ ചിത്രം ആനിമൽ. സച്ച്നിൽക്കിൻ്റെ ആദ്യകാല കണക്കുകൾ പ്രകാരം, ചിത്രം ശനിയാഴ്ച 66 കോടി രൂപ നേടി. അതോടെ മൊത്തം ആഭ്യന്തര കളക്ഷൻ 129.80 കോടി രൂപയായി. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് നൂറു കോടി തികച്ചത്.
വെള്ളിയാഴ്ച ബോക്‌സ് ഓഫീസിൽ 63.8 കോടി രൂപ നേടി, ഷാരൂഖിന്റെ ‘പത്താന്റെ’ ആദ്യ ദിന കളക്ഷനായ 54 കോടിയെ മറി കടന്നു. എന്നാൽ രണ്ടാം ദിവസം 70.50 കോടി നേടിയ ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷനെ മറികടക്കാൻ ‘ആനിമലിനു’ കഴിഞ്ഞില്ല.
ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ അഭിപ്രായത്തിൽ ‘ആനിമൽ’ ലോകമെമ്പാടുമായി 230 കോടി രൂപ നേടിയിട്ടുണ്ട്. “2 ദിവസങ്ങൾക്കുള്ളിൽ, ആനിമൽ വേൾഡ് വൈഡ് ബോക്‌സ് ഓഫീസിൽ 230 കോടി രൂപ നേടി,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സന്ദീപ് റെഡ്ഡി വംഗെ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ-ബുക്കിങ്ങ് കളക്ഷനുകൾ തന്നെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വെളിപ്പെടുത്തിയിരുന്നു.