ചേനയും ചേമ്പും കാച്ചിലും ഒന്നും ഇപ്പോൾ കേരളത്തിൽ കൃഷി ചെയ്യാൻ കഴിയില്ല. ഇതുവരെ കേട്ടുകേൾവിയില്ലാത്ത നാശങ്ങളാണ് കാട്ടുമൃഗങ്ങൾ വിതയ്ക്കുന്നത്. നഗര പ്രദേശങ്ങളിൽ പോലും കാട്ടുപന്നിയും മുള്ളൻ പന്നിയും ആധിപത്യം നേടി.
മുളയിൽ തന്നെ കൂട്ടമായി എത്തിയാണ് ഇവ നാശം വിതയ്ക്കുന്നത്. ഉപയോഗ ശൂന്യമായ കനാലുകളും വൻതോതിൽ തരിശിടുന്ന ഭൂമിയും ഇവരുടെ അവാസ കേന്ദ്രങ്ങളും വഴിയുമായി മാറുന്നു.
കാടുമായോ മലമ്പ്രദേശങ്ങളുമായോ യാതൊരു ബന്ധവും ഇല്ലാത്ത പ്രദേശങ്ങളിൽ വരെ ഇവ എത്തുന്നു.
വന്യമൃഗ ശല്യം കേരളത്തിലെ നാടൻ പച്ചക്കറി ഇനങ്ങളുടെ ഉൽപാദനത്തിലും ഒപ്പം വിലയിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.
![](/wp-content/uploads/2024/08/ചേമ്പ്.jpg)
100 രൂപ വില പിന്നിട്ട് ചേനയും ചേമ്പും റെക്കോഡ് ഇട്ടിരിക്കയാണ്. പക്ഷെ ഇതു കൊണ്ട് കേരളത്തിന് പ്രയോജനമില്ല. വിപണിയിൽ എത്തുന്നത് എല്ലാം തമിഴ്നാട് ഉത്പന്നങ്ങളാണ്. വന്യജീവി ശല്യം കാരണം സംസ്ഥാനത്ത് ചേനയും ചേമ്പുമൊന്നും നടാൻ കർഷകർ ഇപ്പോൾ തയാറല്ല.
കഴിഞ്ഞ ഓണക്കാലത്ത് 50-60 രൂപയായിരുന്നു ഒരുകിലോ ചേനയുടെ വില. ഇപ്പോൾ 100 രൂപയാണ്. വേണ്ടത്ര ചേന വിപണിയിൽ ലഭ്യമല്ലെന്നും വ്യാപാരികൾ പറയുന്നു. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ളതാണ് ചേന.
കഴിഞ്ഞവർഷം വിത്തുചേനയ്ക്ക് 100 രൂപയ്ക്ക് മുകളിൽ വില ഉയർന്നിരുന്നു. ശരാശരി അഞ്ചുകിലോ തൂക്കമുള്ള വിത്തുചേനയ്ക്ക് 500 രൂപയോളമായിരുന്നു വില. തമിഴ്‌നാട്ടിൽനിന്നുള്ള തൂക്കംകുറഞ്ഞ ചെറിയ ചേനയാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ചീമ ചേമ്പിന് 120 രൂപയാണ് വില. രണ്ടുമാസം മുൻപ് വരെ 80 രൂപയായിരുന്നു. ചേമ്പിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചരക്കുള്ള കർഷകർക്ക് 90 മുതൽ 100 രൂപ വരെ കിട്ടുന്നുണ്ട്.
ഗാർഹിക ആവശ്യത്തിനുള്ള ചേനയും ചേമ്പും പോലും ഇപ്പോൾ തൊടികളിൽ ബാക്കിയില്ല. ചുറ്റുമതിൽ കെട്ടി തിരിച്ച തൊടികൾ മാത്രമാണ് ഇവയുടെ ആക്രമണത്തിൽ നിന്നും ഒഴിവാകുന്നത്. തുണി കെട്ടിയും വല വിരിച്ചും എല്ലാം കർഷകർ ഇവയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവയെ എല്ലാം മറികടക്കുന്ന സാഹചര്യമാണ്. മനുഷ്യവാസ മേഖലയിൽ എത്തുമ്പോൾ ഇവ കൂടുതൽ വിനാശകാരികളായി മാറുന്നു എന്നും കർഷകർ പറയുന്നു.