യുദ്ധം രൂക്ഷമായ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 231 പേർ കൊല്ലപ്പെട്ടു. ഇതിനിടെ ജബലിയ അഭയാർഥി ക്യാമ്പിലെ സ്കൂളിന് മുകളിലും ബോംബ് വർഷിച്ചു. 15 കുട്ടികൾ കൊല്ലപ്പെട്ടു.
ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9488 ആയി. കൊല്ലപ്പെട്ടവരിൽ 3900 കുട്ടികളും 150 ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു. 105 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമി ക്കപ്പെട്ടതായും 27 ആംബുലൻസുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. വടക്കൻ ഗാസ പൂർണമായി ഒഴിയണമെന്നാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ ആവശ്യം. വംശീയ ഉന്മൂലനം തന്നെ ലക്ഷ്യം വെച്ച് പുതു തലമുറയെ ഇല്ലാതാക്കാനാണ് നീക്കം എന്നാണ് കുട്ടികൾക്കും വിദ്യാലയങ്ങൾക്കും എതിരായ ആക്രമണം വിലയിരുത്തപ്പെടുന്നത്.
ഇസ്രയേലുമായി എല്ലാ തരം ബന്ധവും വിച്ഛേദിച്ചെന്ന് തുർക്കി അറിയിച്ചു. നെതന്യാഹുവുമായി സംസാരിക്കാൻ പോലും താത്പര്യമില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. ഇസ്രയേലിൻ്റേത് യുദ്ധക്കുറ്റമെന്ന വിമർശനവുമായി ഒമാനും രംഗത്തെത്തി. പ്രത്യേക അന്താരാഷ്ട്ര കോടതി രൂപീകരിച്ച് അന്വേഷണം വേണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
അമേരിക്ക ഇസ്രേയലിന് കൂടുതൽ സൈനിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. 14.5 ബില്യൺ ഡോളർ സഹായമാണ് പാസാക്കിയിരിക്കുന്നത്. അമേരിക്ക ഉള്ളപ്പോള്‍ ഇസ്രേയൽ ഒറ്റക്കാവില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 220 വിദേശ പൗരൻമാർക്കൊപ്പം 33 അമേരിക്കകാരും കൊല്ലപ്പെട്ടു. ആ ദിനം ആവർത്തിക്കാതിരിക്കാൻ കൂട്ടായ പ്രവർത്തനം നടത്തുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.