മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതിനേപ്പറ്റി പൊതുജനാഭിപ്രായം തേടിയ സര്‍ക്കാർ നടപടിയിൽ പ്രതിഷേധവുമായി അയിഷ സുല്‍ത്താന. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കാവശ്യം മദ്യമല്ലെന്നും പകരം കുടിവെള്ളവും ഭക്ഷണവും ചികിത്സാ സൗകര്യവും വിദ്യാഭ്യാസവുമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണെന്നും അയിഷ സുല്‍ത്താന പറഞ്ഞു.
ലക്ഷദ്വീപിൽ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരിക്കയാണ്. 1979 ൽ ഗുജറാത്തിനും മുൻപേ മദ്യനിരോധനം നടപ്പാക്കിയ പ്രദേശമാണ് ലക്ഷദ്വീപ്. ഇപ്പോൾ ഏകപക്ഷീയമായി 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് മദ്യനയം നടപ്പാക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
ജനങ്ങളുടെ ഏതെങ്കിലും ഒരാവശ്യമെങ്കിലും നടപ്പിലാക്കാന്‍ കഴിയുമോയെന്നും ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതല്ല വികസനമെന്നും അയിഷ സുല്‍ത്താന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗുജറാത്തിൽ നടപ്പാക്കാതിരുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണെന്നും അയിഷ സുൽത്താന ചോദിച്ചു.
അയിഷ സുല്‍ത്താന എഫ് ബി പോസ്റ്റ്
ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കണോ എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സര്‍ക്കാര്‍:??
ലക്ഷദ്വീപിലേക്ക് മദ്യം ‘ആവശ്യമില്ല’ എന്ന് തന്നെയാണ് ജനങളുടെ അഭിപ്രായം, മദ്യം പൂര്‍ണ്ണ നിരോധനമുള്ള സ്ഥലമാണ് ‘ഗുജറാത്ത്’ അല്ലെ അതേ പോലെ മദ്യം പൂര്‍ണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ‘ലക്ഷദ്വീപ്’
ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം?
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്… നാട്ടുകാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങളുടെ ചികിത്സയിക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ കോളേജാണ്, ഡോക്ടര്‍മ്മാരെയാണ്, മരുന്നുകളാണ്, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജും സ്‌കൂളുകളിലേക്ക് ടീച്ചര്‍മ്മാരെയുമാണ്, മഴ പെയ്താല്‍ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറണ്ടുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാര്‍ക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാണ്ടുകളുമാണ്, ജനങ്ങള്‍ക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്നോടികൊണ്ടിരിക്കുന്ന കപ്പലുകള്‍ക്ക് എഞ്ചിന്‍ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്.
ഇക്കണക്കിന് പോയാല്‍ 20 വര്‍ഷം ഓടേണ്ട കപ്പല്‍ 10 വര്‍ഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ? കൊണ്ട് വരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്… ഇതൊക്കെയാണ് ഞങ്ങള്‍ ജനങളുടെ ആവശ്യം… ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?
ലക്ഷദ്വീപിൽ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നു. മുപ്പതു ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. എക്സൈസ് കമ്മിഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വ്യാജമദ്യവിൽപ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്. ബിൽ നിലവിൽ വന്നാൽ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും.