ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ഇന്ത്യയെ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയ തോൽപ്പിച്ചു. ട്രോഫി നൽകിയ ശേഷം ക്യാപ്റ്റൻ്റെ മുഖത്ത് നോക്കുക പോലും ചെയ്യാതെ നീട്ടിയ കൈ നിഷേധിച്ച് മടങ്ങുന്ന രാജ്യത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വൈറലായി.
ഇന്ത്യ ഉയർത്തിയ 241 റൺസ് എന്ന വിജയലക്ഷ്യത്തെ 43 ഓവറിൽ മറികടന്ന് ഓസ്ട്രേലിയ, ആറാം ലോകകപ്പ് കിരീടം നേടി. ഓപ്പണർ ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയും മാർനസ് ലബുഷാഗ്‌നെയുടെ അർധസെഞ്ചുറിയും ചേര്‍ന്ന് റണ്‍ തേരോട്ടം അവരെ അതിനു പ്രാപ്തരാക്കി.
മന്ദഗതിയിലുള്ള പിച്ചിൽ ടോസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ ഫീൽഡിംഗ് തീരുമാനം ഓസ്‌ട്രേലിയയുടെ ഗെയിം ചേഞ്ചർ ആണെന്ന് തെളിയിച്ചു. കമ്മിൻസ് 10 ഓവറിൽ 34 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
പാരമ്പര്യ ശൈലികളെ തള്ളി, കള്ളടിച്ച് കാല് കയറ്റി വെച്ച് ആഘോഷം
വിജയത്തിന് ശേഷം, ഡ്രസ്സിംഗ് റൂമിലെ ആഘോഷങ്ങളിൽ നിന്ന് കുറച്ച് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമില്‍ കമ്മിൻസ് പോസ്റ്റ് ചെയ്തു. 30 കാരനായ ഓപ്പണർ മിച്ചൽ മാർഷ് പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നിൽ, മിച്ചൽ മാർഷ് ഒരു സോഫയിൽ, കൈയിൽ ഒരു പൈന്റ് പിടിച്ച് ഇരിക്കുന്നത് കാണാം. കാല് വച്ചിരിക്കുന്നത് താഴെയുള്ള ലോകകപ്പ് ട്രോഫിയിലാണ്.
“പ്രിയപ്പെട്ട ICC, BCCI, മിച്ച് മാർഷ് ലോകകപ്പ് ട്രോഫി തന്‍റെ കാൽക്കീഴിൽ വച്ചതിൽ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ഈ പെരുമാറ്റം ഗെയിമിന്‍റെ സമഗ്രതയെ അനാദരിക്കുന്നതായി തോന്നുന്നു. ദയവായി ഈ വിഷയം അവലോകനം ചെയ്ത് ഉചിതമായി അഭിസംബോധന ചെയ്യുക,” എന്നാണ് ഒരു ഇന്ത്യൻ ആരാധകൻ ഇതിനെതിരെ പ്രതികരിച്ചത്. ലോകത്തിൽ മറ്റ് ഒരു രാജ്യത്തും ഇല്ലാത്ത പ്രതികരണവുമായി വെറെയും കളി ആരാധകർ രംഗത്ത് എത്തി.