ജാതി സർവ്വെയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിടവുകൾക്ക് പിന്നാലെ ബിഹാറിലെ പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക- അതിപിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
മുന്നോക്ക ജാതി സംവരണമായ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ 10 ശതമാനം സംവരണംകൂടി ഇതില്‍ ഉള്‍പ്പെടുന്നതോടെ ആകെ സംവരണം 75 ശതമാനമാകും.
ഇതോടെ പൊതു 25% മാത്രമാകും. നേരത്തെ ഇത് 40% ആയിരുന്നു. ജാതി സെൻസസ് പ്രകാരം ബിഹാറിൽ 15 ശതമാനമാണ് മുന്നോക്ക ജാതിക്കാരുള്ളത്. എന്നാൽ സർക്കാർ സർവ്വീസിൽ ഉൾപ്പെടെ അമ്പത് ശതമാനത്തിൽ അധികം കയ്യാളുന്നു.
ജാതി സര്‍വ്വെ പ്രകാരം ബിഹാറിലെ ആകെ ജനസംഖ്യയില്‍ 27.13% പിന്നാക്ക വിഭാഗവും 36.01% അതിപിന്നാക്ക വിഭാഗവും 15.52% മുന്നാക്ക വിഭാഗവും 19.7% പട്ടികജാതി വിഭാഗവും 1.7% പട്ടികവര്‍ഗ വിഭാഗവുമാണ്.
പുതുക്കിയ സംവരണ നിര്‍ദേശമനുസരിച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ട് ശതമാനവും ഒബിസി- ഇബിസി വിഭാഗത്തിലുള്ളവര്‍ക്ക് 43 ശതമാനവും സംവരണം ലഭിക്കും. ജാതി സര്‍വെയുടെ വിശദമായ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ചചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വിശദമായ കൂടിയാലോചനങ്ങള്ക്കുശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും നിലവിലെ സാഹചര്യത്തില്‍ ഈ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.