ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശന കാമ്പയിൽ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സഞ്ജയ് റാവത്തിന്റെ പരാമർശം.
‘ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ അവരുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ്. രാമന്റെ പേരിൽ അത്രമാത്രം രാഷ്ട്രീയം കളിക്കുന്നുണ്ട്,’ സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി പരിപാടിയാണെന്നും ദേശീയ പരിപാടി അല്ലെന്നും റാവത്ത് നേരത്തെ പ്രതികരിച്ചിരുന്നു.
ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതിഷ്ഠാ ചടങ്ങിന് പോകുമോ എന്ന ചോദ്യത്തിന് താക്കറെ തീർച്ചയായും പോകാം, എന്നാൽ അത് ബി.ജെ.പിയുടെ പരിപാടി കഴിഞ്ഞിട്ടാവുമെന്നായിരുന്നു സഞ്ജയ് റാവത്തിൻ്റെ പ്രതികരണം. ശിവസേന കൂട് കർസേവ ചെയ്താണ് രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും മണിപ്പൂരിലെയും സമാനമായ പ്രശ്നങ്ങളും മറച്ച് വെക്കാനാണ് ഇപ്പോഴത്തെ കോലാഹലങ്ങൾ എന്നും അഭിപ്രായപ്പെട്ടു.