എഡ്യുടെക് കമ്പനിയായ ബൈജൂസിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നല്‍കി.ട്ട്. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ബൈജൂസ് ശരിവെച്ചിട്ടില്ല.
പ്രത്യക്ഷ വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) 2011 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ബൈജൂസ് 28,000 കോടി രൂപ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാലയളവില്‍ ബൈജൂസ് 9,754 കോടി രൂപ ഓവര്‍സീസ് ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റായി (ഒ.ഡി.ഐ) വിദേശത്ത് നിക്ഷേപിച്ചതായുമാണ് ഇഡി വിശദീകരണം.
. ‘ബൈജൂസ് ഫെമ നിയമലംഘനം നടത്തിയതായുള്ള മാധ്യമവാര്‍ത്തകള്‍ ഞങ്ങള്‍ നിഷേധിക്കുന്നു. അധികൃതരില്‍ നിന്ന് കമ്പനിക്ക് അത്തരമൊരു നോട്ടീസും ലഭിച്ചിട്ടില്ല.’ -ബൈജൂസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
2018-ല്‍ ബൈജൂസിന് ഒന്നരക്കോടി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. കോവിഡ്-19 പിടിമുറുക്കിയ കാലം വന്‍ വളര്‍ച്ചയാണ് ബൈജൂസിന് സമ്മാനിച്ചത്. സ്‌കൂളുകള്‍ അടച്ചിട്ടതും കുട്ടികള്‍ കൂടുതലായി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയതുമാണ് ബൈജൂസിന് തുണയായത്. വൈറ്റ്ഹാറ്റ്, ആകാശ് എഡ്യുക്കേഷന്‍ സര്‍വ്വീസസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഏറ്റെടുത്തു.
ഈ വര്‍ഷം ഏപ്രിലില്‍ ബൈജൂസ് ഓഫീസുകളില്‍ ഇ.ഡി. പരിശോധന നടത്തി. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. പിന്നീട് ഇക്കഴിഞ്ഞ നവംബറില്‍ കമ്പനി വന്‍ നഷ്ടം നേരിടുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011-ല്‍ സ്ഥാപിച്ച തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ബൈജൂസിന്റെ മാതൃസ്ഥാപനം. ആദ്യഘട്ടത്തില്‍ മത്സരപരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനമാണ് ബൈജൂസ് നല്‍കിയിരുന്നത്. 2015-ലാണ് ബൈജൂസ് ലേണിങ് ആപ്പ് പുറത്തിറക്കുന്നത്.