വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന ബിൽ ബുധനാഴ്ച അവതരിപ്പിക്കും എന്നാണ് കരുതുന്നത്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങളുണ്ടാവുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. മിക്ക പ്രതിപക്ഷ കക്ഷികളും ബില്ലിനെ നേരത്തെ തന്നെ അനുകൂലിച്ച് തീരുമാനം എടുത്തിരുന്നു.
വനിതാസംവരണ ബില്ലിന് പുറമെ വിവാദമായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റല്‍ തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭായോഗം തന്ത്രപൂർവ്വം ഒഴിവാക്കി. പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വനിതാസംവരണ ബില്ലിനായി പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു.