331 അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നായി 190 ഗോളുകള്‍ അടിച്ചുകൂട്ടി ലോക ഫുട്‌ബോളിലെ ടോപ് സ്‌കോററാണ് കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍. നാല്പതാമത്തെ വയസിൽ അവർ ബൂട്ട് അഴിക്കയാണ്.
റൊണാള്‍ഡോ നസാരിയോയുടെയും തിയറി ഹെന്റിയുടെയുമെല്ലാം കാലംതൊട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുടെയും കാലം തൊട്ട് അവർ കളിക്കളത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവർ അവസാനമായി ബൂട്ടണിഞ്ഞു.
ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കോവറിലെ ബി.സി പ്ലേസ് എന്ന സ്റ്റേഡിയത്തിലായിരുന്നു ഇവർക്കായുള്ള ഫെയർവെൽ മത്സരം. ഓസ്‌ട്രേലിയ വനിതാ ടീമുകള്‍ തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിന് വേദിയുടെ പേരുതന്നെ ഇവരുടെ പേരിലാക്കി. ലോക ഫുട്‌ബോളിലെ ടോപ് സ്‌കോററുടെ അവസാന മത്സരമെന്ന നിലയിലും അവര്‍ അവസാനമായി ബൂട്ടണിഞ്ഞ പുല്‍മൈതാനമെന്ന നിലയിലും ഇവിടെ ചിരിത്രത്തിലം ഇടം നേടി.

റൊണാൾഡോയ്ക്കും മെസ്സിക്കും മേലെ, മെയ്‌സ ജബാറയും മാർത്തയും പിന്നാലെ
205 കളികളില്‍ നിന്നായി 128 ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. 180 കളികളില്‍ നിന്ന് 106 ഗോളുകളാണ് മെസ്സിയുടെ നേട്ടം. നിലവില്‍ കളിക്കുന്നവരില്‍ സിന്‍ക്ലയര്‍ക്ക് പിന്നിലുള്ളത് ജോര്‍ദാന്റെ വനിതാ താരം മെയ്‌സ ജബാറയാണ്. എന്നാല്‍ 133 ഗോളുകളുമായി സിന്‍ക്ലയറേക്കാള്‍ 57 ഗോളുകള്‍ പിന്നിലാണവര്‍. മാര്‍ത്തയ്ക്ക് ആകട്ടെ 115 ഗോളുകളാണുള്ളത്.
ബുധനാഴ്ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച കാനഡ, വിടവാങ്ങല്‍ മത്സരം ഗംഭീരമാക്കി. ബി.സി പ്ലേസ് സ്‌റ്റേഡിയം പേരുമാറ്റി ‘ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ പ്ലേസ്’ എന്നാക്കി. കഴിഞ്ഞ ഒക്ടോബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സിന്‍ക്ലയറുടെ അവസാന മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് 48,112 കാണികളാണ്. മത്സരത്തിന്റെ 58-ാം മിനിറ്റില്‍ 23 വര്‍ഷക്കാലം നീണ്ട ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച് സിന്‍ക്ലയര്‍ മടങ്ങി.
കാനഡ വനിതാ ടീമിനൊപ്പം ഒരു ഒളിമ്പിക് സ്വര്‍ണവും രണ്ട് വെങ്കലവും നേടിയ താരം 14 തവണയാണ് കാനഡയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം നേടിയത്. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടിയ താരം കൂടിയാണ് സിന്‍ക്ലയര്‍.

ക്രിസ്റ്റിയാനോ, ബ്രസീല്‍ വനിതാ താരം മാര്‍ത്ത എന്നിവര്‍ മാത്രമാണ് ഈ റെക്കോഡില്‍ സിന്‍ക്ലയര്‍ക്കൊപ്പമുള്ളത്. 2003 (യുഎസ്), 2007 (ചൈന), 2011 (ജര്‍മനി), 2015 (കാനഡ), 2019 (ഫ്രാന്‍സ്), 2023 (ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്) ലോകകപ്പുകളില്‍ കളിച്ചു. 2008 (ബെയ്ജിങ്), 2012 (ലണ്ടന്‍), 2016 (റിയോ), 2020 (ടോക്യോ) ഒളിമ്പിക്‌സുകളിലും കളിച്ചു.
2012 ഒളിമ്പിക്സില്‍ ആറു ഗോള്‍ നേടിയതോടെ ഒരു ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. 2005, 2006, 2007, 2008, 2010, 2012, 2016 വര്‍ഷങ്ങളിലായി ഏഴു തവണ ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. മികച്ച വനിതാ അത്‌ലറ്റിനു നല്‍കുന്ന ബോബീസ് റോസന്‍ഫെഡ് അവാര്‍ഡ് രണ്ടുതവണ നേടിയിട്ടുണ്ട്.
2021-ല്‍ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെട്ടു.
