കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ വിഭാഗീയമായ പ്രതികരണം നടത്തിയതായുള്ള സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസ് എടുത്തു. ഐപിസി 153 എ പ്രകാരം കൊച്ചി സിറ്റി പോലീസാണ് കേസ് എടുത്തിട്ടുള്ളത്.
വിദ്വേഷപ്രചാരണം നടത്തി എന്നതാണ് രാജീവ് ചന്ദ്രശേഖറിനെതിരേ പോലീസ് കണ്ടെത്തിയ കുറ്റം. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു.
ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി കടുത്ത ഭാഷയിൽ വീണ്ടും മുഖ്യമന്ത്രി പ്രതികരിച്ചു.
‘വിഷം അല്ല കൊടുംവിഷം. വെറും വിഷം അല്ല. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നല്ലേ കാണുന്നത്. വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യത്തോടുള്ള പ്രതികരണം.