Tuesday, August 19, 2025

മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അപമാനിച്ചത് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ

മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അപമാനിച്ച സംഭവം നടന്നത് പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങിനിടെ. നമ്പ്യാത്തറ കൊവ്വല്‍ ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ജനുവരി 26-നായിരുന്നു പൂജാരിമാരുടെ ജാതിക്കലി. പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ. മധുസൂദനന്റെ കൂടി സാന്നിധ്യത്തിലാണ് സംഭവം ഉണ്ടായത്.

മന്ത്രിയും എം എൽ എയും അന്നുതന്നെ ഇതിൽ ശക്തമായി പ്രതികരിക്കയും ചെയ്തു. കഴിഞ്ഞദിവസം കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി ഈ അനുഭവം പറഞ്ഞത്.

സംഭവം ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ, പൂജാരിമാർ ഇപ്പോഴും സർവ്വീസിൽ

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം മന്ത്രിക്ക് കൈമാറാന്‍ പൂജാരി ആവശ്യപ്പെട്ടപ്പോള്‍ സഹപൂജാരി അത് നിലത്തുവെച്ചു. മന്ത്രി ദീപം എടുക്കാന്‍ തയ്യാറായില്ല. ഇതോടെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന്‍ തയ്യാറായില്ല. കൂടെയുണ്ടായിരുന്ന ടി.ഐ. മധുസൂദനനും ദീപം കൊളുത്താന്‍ തയ്യാറായില്ല.

പിന്നീട് മന്ത്രി നടത്തിയ പ്രസംഗത്തില്‍ ചെറുപ്പംമുതലേ നേരിട്ടുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് സംസാരിച്ചു. ദീപം നിലത്തുനിന്നെടുത്തു കൊളുത്താന്‍ തയ്യാറാവാതിരുന്നത് അതുകൊണ്ടാണെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കി. പൂജാരിയില്‍നിന്നുണ്ടായ ഈ പെരുമാറ്റത്തെ എം.എല്‍.എ.യും വിമര്‍ശിച്ചു. അതേസമയം, ക്ഷേത്രഭരണസമിതിയുടെ ചെയര്‍മാന്‍ ഇക്കാര്യത്തെപ്പറ്റി അജ്ഞത നടിച്ചു.

മന്ത്രി വെളിപ്പെടുത്തിയത് കോട്ടയത്തെ സമ്മേളനത്തിൽ

കോട്ടയത്ത് സമ്മേളനത്തിനിടെയാണ് കാര്യം പറഞ്ഞത് എങ്കിലും ക്ഷേത്രത്തിന്റെ പേര് പറഞ്ഞിരുന്നില്ല. വിളക്കു കത്തിച്ചശേഷം സഹപൂജാരി തനിക്കുതരാതെ നിലത്തുവെച്ചെന്നും താന്‍ അതെടുത്ത് കത്തിച്ചില്ല, പോയി പണിനോക്കാന്‍ പറഞ്ഞെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്.

ബഹുമാനപ്പെട്ട മന്ത്രിയുടെ വാക്കുകൾ

‘ഞാൻ ഒരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ചെന്ന സന്ദർഭത്തിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്, പ്രധാന പൂജാരി അവിടെ ഒരു വിളക്ക് വെച്ചിട്ടുണ്ടായിരുന്നു. വിളക്ക് കത്തിക്കാൻ വേണ്ടി എനിക്ക് കൊണ്ടുവന്ന് തരാൻ വേണ്ടി വരികയാണെന്നാണ് ഞാൻ വിചാരിച്ചത്. വിളക്ക് കൊണ്ടുവന്ന് നേരെ എന്റെ കൈയിൽ തന്നില്ല. നേരെ കൊണ്ട് വന്ന വിളക്ക് അദ്ദേഹം തന്നെ കത്തിച്ചു. അതിന് ശേഷം സഹപൂജാരിയും വിളക്ക് കത്തിച്ചു. അതിന് ശേഷം എനിക്ക് തരുമെന്നാണ് വിചാരിച്ചത്. അദ്ദേഹം വിളക്ക് നിലത്ത് വെച്ചു. വിളക്ക് നിലത്ത് എടുത്ത് വെച്ചപ്പോൾ ഞാൻ എടുത്ത് കത്തിക്കട്ടെ എന്നാണ് വിചാരിച്ചത്. ഞാൻ കത്തിക്കണോ? എടുക്കണോ? പോയി പണി നോക്കാൻ പറഞ്ഞു. ഞാൻ തരുന്ന പൈസക്ക് അയിത്തമില്ല എനിക്ക് അയിത്തമാണ് നിങ്ങൾ കല്പിക്കുന്നത്’- സംഭവം വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

ജാതി വ്യവസ്ഥ ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്ന് ഓർമ്മപ്പെടുത്തുകയാണ് മന്ത്രി തൻ്റെ അനുഭവത്തിലൂടെ. ഒരു മന്ത്രിക്ക് പോലും ഇത് നേരിടേണ്ടി വരുന്നു.

മന്ത്രി കെ രാധാകൃഷൻ്റെ പ്രതികരണം

മനുഷ്യന്‌ അയിത്തം കൽപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ വർധിക്കുകയാണ്‌. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കർണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നു. ഈ സാമൂഹ്യവ്യവസ്ഥ ഉണ്ടാകുന്നത്‌ ജാതിവ്യവസ്ഥയുടെ ദുരന്തമാണ്‌. ഇത്തരം ദുരന്തങ്ങളിൽനിന്ന്‌ കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ്‌ നമ്മുടെ കേരളം. ഉത്തരേന്ത്യയിൽ സംഭവിക്കുന്നതുപോലെ കേരളത്തിൽ സംഭവിക്കാൻ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ല – മന്ത്രി പറഞ്ഞു.

പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഇതൊരു വ്യക്തിക്കുണ്ടായ പ്രശ്‌നമായിട്ടല്ല കാണുന്നത്‌. സമൂഹത്തിന്‌ മുഴുവൻ ഉണ്ടായതാണ്‌. തനിക്ക്‌ പ്രയോരിറ്റി കിട്ടിയില്ല എന്നത്‌ ഒരു പ്രശ്‌നമല്ല. ഒരു വ്യക്തിക്ക്‌ പറ്റിയ കാര്യമല്ല. സമൂഹത്തിന്റെ മൊത്തം കാര്യമാണ്‌. ഇത്‌ ബ്രാഹ്മണർക്ക്‌ എതിരെയല്ല. എത്രയോ ബ്രാഹ്മണർ സാമൂഹ്യമാറ്റങ്ങൾക്ക്‌ വേണ്ടി പോരാടിയിട്ടുണ്ട്‌.

ജാതിവ്യവസ്ഥ ഉണ്ടാക്കിയ മാനസികാവസ്ഥ പെട്ടെന്ന്‌ ഒരുദിവസം മാറ്റാൻ കഴിയില്ല. അത്‌ മനസിൽ പിടിച്ച ഒരു കറയാണ്‌. മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽനിന്ന്‌ മാറിനിൽക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌ ജാതിചിന്തയും മതചിന്തയും വരുമ്പോഴാണ്‌. കേരളത്തിലുും പലരുടേയും മനസിൽ ജാതിചിന്ത ഇപ്പോഴുമുണ്ട്‌. അത്‌ പുറത്തെടുത്താൽ സമൂഹം അംഗീകരിക്കില്ല എന്നതുകൊണ്ട്‌ ചെയ്യാത്തതാണ്‌. ക്ഷേത്രത്തിലെ സംഭവം വലിയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ല. അത്തരം സംഭവങ്ങൾ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല.

പണ്ട്‌ ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്‌ണനാട്ടത്തിൽ പാവപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല. സ്‌പീക്കർ ആയിരുന്ന സമയത്ത്‌ അവിടെവച്ച്‌ നടന്ന പരിപാടിയിൽ ഇതിനെതിരെ പ്രതികരിച്ചിരുന്നു. അതിന്‌ പിന്നീട്‌ മാറ്റമുണ്ടായി. അയിത്തമുള്ള മനുഷ്യന്റെ പൈസക്ക്‌ അയിത്തമില്ല. ഏത്‌ പാവപ്പെട്ടവന്റേയും പൈസയ്‌ക്ക്‌ അയിത്തമില്ല. ഈ പൈസ വരുന്നത്‌ പലരുടേയും കൈകളിലൂടെയാണ്‌. ഏതെങ്കിലും ഒരു കമ്യൂണിറ്റി മാത്രം വിചാരിച്ചാൽ ഇത്‌ മാറ്റാൻ കഴിയില്ല. എല്ലാവരും ഒന്നിച്ച്‌ പ്രവർത്തിക്കണം.

നിയമനടപടിക്ക് ഇല്ല

മനസ്സിൽ തട്ടിയത് കൊണ്ടാണ് അത് ശരിയല്ല എന്ന് പറഞ്ഞത്. അവർ തിരുത്താൻ ശ്രമിച്ചാൽ നല്ലത്. മനുഷ്യന് അയിത്തം കൽപ്പിക്കുന്നത് അനുവദിക്കില്ല. മനസിന്‌ മാറ്റം വരണം. ഇത് ആരുടെയും തെറ്റല്ല. തലമുറകളാൽ പകർന്നു കിട്ടിയ ഒന്ന് ഇവരെ വേട്ടയാടുകയാണ്. നിയമ നടപടിക്ക് പോകുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....