ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റിനെ കുറിച്ചുള്ള വാർത്തകളിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി സമിതി രൂപവത്കരിച്ചതായി ഡൽഹി ആരോഗ്യ സെക്രട്ടറി അറിയിച്ചു. വൃക്കദാതാക്കളുടേയും രോഗികളുടേയും വിവരങ്ങൾ ശേഖരിക്കയാണ് ആദ്യഘട്ടം ചെയ്യുന്നത്. ഇതിനായി ആശുപത്രി അധികൃതരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനാണ് (NOTTO) സംഭവത്തിൽ ഡല്‍ഹി സര്‍ക്കാരിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. നോട്ടോ ഡയറക്ടർ ഡോ. അനിൽ കുമാർ ഇതു സംബന്ധിച്ച് കത്ത് നൽകി.
മ്യാൻമാറിൽ നിന്നും നിസ്സഹായരായ യുവാക്കളെ എത്തിച്ച് കച്ചവടം
ഡിസംബർ മൂന്നിന് ദ ടെലിഗ്രാഫ് പുറത്തുവിട്ട വാർത്തയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. മ്യാന്മറിൽ നിന്നുള്ള യുവാക്കളെ ഡൽഹിയിലെത്തിച്ച് പണം നൽകി അവയവദാനത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. സമ്പന്നരായ ബർമീസ് രോഗികൾക്കാണ് അവയവം കെെമാറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പട്ടാള ഭരണത്തിനും ആഭ്യന്തര കലഹത്തിനും ഇടയിൽ നിസ്സഹായതയിലാണ് മ്യാൻമാറിലെ ജനം. ഇതിനിടെ റോഹിൻഗ്യൻ മേഖലയിൽ ലോകത്തിലെ ഏറ്റവും ക്രൂരമായ വംശീയ ആക്രമണങ്ങളും തുടരുന്നു. ബംഗ്ലാദേശിൽ മാത്രം ഏഴ് ലക്ഷത്തോളം അഭയാർത്ഥികൾ എത്തിയിട്ടുണ്ട്. ഇതിനിടയിലാണ് നിസ്സഹായരായ യുവാക്കളെ ലക്ഷ്യം വെച്ചുള്ള അവയവക്കടത്ത് മാഫിയ പ്രവർത്തിക്കുന്നത്.
ഇന്ത്യൻ നിയമ പ്രകാരം അവയവ മാറ്റത്തിന് പരിമിതിയുണ്ട് എങ്കിലും വിദേശികൾക്ക് തന്നെയാണ് കൈമാറ്റം നടത്തുന്നത്. കുടുംബ രേഖകളിലും തിരിച്ചറിൽ രേഖകളിലും കൃത്രിമത്വം കാട്ടിയാണ് കൈ മാറ്റത്തിന് നിയമ പ്രാബല്യം നേടുന്നത്.
ഏഷ്യയിൽ മുഴുവൻ ബ്രാഞ്ചുകളുള്ള ആശുപത്രി ശൃംഖലയാണ് അപ്പോളോ. ഇവരുടെ ഡൽഹി ബ്രാഞ്ചിന് കീഴിലാണ് ഇപ്പോൾ ആരോപണം ഉയർന്ന തരത്തിൽ കൈമാറ്റം നടക്കുന്നത്. വർഷത്തിൽ 1200 കിഡ്നി മാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രി ശൃഖലയാണ്. ബ്രിട്ടനിൽ നിന്നുവരെ ഇവിടെ ഇത്തരം സർജറിക്കായി രോഗികൾ എത്തുന്നു.
മെഡിസിൻ രംഗത്ത് പത്മശ്രീ ബഹുമതിക്ക് അർഹനായ ഡോ സന്ദീപ് ഗുലേറിയയാണ് അപ്പോളോയിൽ കിഡ്നി സർജറി വിഭാഗത്തെ നയിക്കുന്നത്. വാർത്ത അടിസ്ഥാന രഹിതമാണ് എന്നാണ് ഇദ്ദേഹം ടെലഗ്രാഫിനോട് പ്രതികരിച്ചത്. അപ്പോളോ ആശുപത്രിയിൽ ഒരു മ്യാൻമാർ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.

ഡൽഹിയിൽ 2016 ലും തട്ടിപ്പ് സംബന്ധിച്ച് സമാനമായ വിവരങ്ങൾ പുറത്ത് വന്നിരുന്നു.
ഇന്ത്യൻ നിയമം അനുസരിച്ച് അടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമേ വൃക്ക സ്വീകരിക്കാൻ അനുവാദമുള്ളൂ. മ്യാൻമാറിലും സമാനമായ നിയമം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വന്‍ തുക കൈമാറി സാധാരണക്കാരെ കേന്ദ്രീകരിച്ച് കുടുംബ രേഖകളിൽ ക്രിത്രമത്വം കാണിച്ച് അവയവതട്ടിപ്പുകള്‍ നടക്കുന്നത്. ഡൽഹി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചാണ് നിലിവിൽ ആരോപണം ഉയർന്നിരിക്കുന്നത്. വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

കഴിഞ്ഞ വർഷം ജൂണിൽ സമാനമായ ആരോപണത്തിൽ 10 പേർ ഉൾപ്പെടുന്ന റാക്കറ്റിനെ പൊലീസ് പിടികൂടിയിരുന്നു. ഇതിൽ മൂന്നു ഡോക്ടർമാരും ഉൾപ്പെട്ടു.
ടെലഗ്രാം വാർത്തയുടെ ലിങ്ക് Revealed: Global private hospital group embroiled in ‘cash for kidneys’ racket