കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നി കൊളുത്തും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് സമാപിക്കും.
കാസര്‍കോട് നിന്ന് തുടങ്ങി 28 ദിവസമെടുത്ത് 140 നിയോജകമണ്ഡലങ്ങളും കടന്ന് തിരുവനന്തപുരത്തായിരിക്കും യാത്ര സമാപിക്കുക.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക. ഭാര്യ കെ സ്മിതയും സെക്രട്ടറി ജോര്‍ജും ഒപ്പം പോകും. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ നാല് പേർക്കാണ് മുന്നൊരുക്കങ്ങളുടെ ചുമതല.
എന്നാൽ സുധാകരന്റെ അസാന്നിധ്യത്തിൽ താൽക്കാലിക കെപിസിസി പ്രസിഡന്റിനെ അനുവദിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച് യാത്ര നയിക്കാമെന്നാണ് ധാരണ ഉണ്ടായിരുന്നത്. ജനുവരി പകുതിയോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഇതിൽ തീരുമാനമായില്ല.
പേശികള്‍ക്ക് ബലക്ഷയമുണ്ടാകുന്ന ‘മയസ്തീനിയ ഗ്രാവിസ്’ എന്ന രോഗത്തെതുടര്‍ന്ന് രണ്ട് വര്ഷമായി ചികിത്സയിലാണ് കെ സുധാകരന്‍. നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മ്മാരുടെ നിര്‍ദേശ പ്രകാരമാണ് മയോ ക്ലിനിക്കില്‍ ചികിത്സ തേടാന്‍ തീരുമാനിച്ചത്. ആശുപത്രി അധികൃതര്‍ക്ക് രോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായി വന്നാല്‍ കേരളയാത്രക്കും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്‍റെ നിലപാട്.