സംസ്ഥാന തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിനെ ഇറക്കി കളി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ വസതിയില്‍ ഉൾപ്പെടെ ആറു സ്ഥലങ്ങളിൽ റെയ്ഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിനെ വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിൽ ചോദ്യംചെയ്യാൻ ഇഡി വിളിപ്പിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയില്‍നിന്നുള്ള സ്ഥാനാര്‍ഥി ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. ഇതടക്കം ആറുസ്ഥലങ്ങളിലാണ് റെയ്ഡ്. കഴിഞ്ഞ ആഴ്ച ഏഴ് ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു.
മുന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം റെയ്ഡ് നടക്കുന്നുണ്ട്. ലക്ഷ്മണ്‍ഗഡില്‍നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. ഇത്തവണയും അവിടെ മത്സരിക്കുന്നുണ്ട്. ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയയെയാണ് നേരിടുന്നത്.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസിലാണ് ഇ.ഡി. റെയ്ഡ്. ജയ്പുരിലും സിര്‍കാറിലുമാണ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞയാഴ്ചയും കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇതേ കേസില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. 12 ലക്ഷം രൂപയോളം പിടിച്ചെടുത്തതായും പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫണ്ട് സ്റ്റണ്ട്
കൊൽക്കത്തയിൽ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മാലികിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണു ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയയുടെ സാൾട്ട് ലേക്ക് പ്രദേശത്തെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നത്. സമാന്തരമായി കൊൽക്കത്തയിൽ എട്ടിടങ്ങളിൽ കൂടി ഇഡി റെയ്ഡ് നടത്തുന്നുണ്ട്. മന്ത്രിയുടെ പേഴ്സനൽ അസിസ്റ്റന്റിന്റെ ഫ്ലാറ്റിലും പരിശോധന നടക്കുന്നുണ്ട്.