പ്രശസ്ത ചിന്തകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന് (74) അന്തരിച്ചു. ശ്രീകാര്യം ചെമ്പഴന്തി റോഡില്‍ വെഞ്ചവോട് ശ്രീനഗര്‍ ഹൗസ് നമ്പര്‍ 3-ലാണ് താമസിച്ചിരുന്നത്. ഈ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ രോഹിണി ചികിത്സക്കായി മലപ്പുറത്തായിരുന്നു. ജന്മദിനത്തിൽ തന്നെയാണ് ജീവൻ വെടിഞ്ഞത്
സുഹൃത്ത് കെ.എം ഷാജഹാനോട് ഞായറാഴ്ച കാണണമെന്ന് കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കെ.എം ഷാജഹാന് വീട്ടിലെത്തി. അപ്പോഴാണ് മര ണ വിവിരം അറിയുന്നത്. വീട്ടിലെത്തിയ ഷാജഹാൻ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് റെസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളെ വിവരം അറിയിച്ചു. അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. ഏറെനാളായി ആഗ്രഹിച്ചതാണ്. ഞാന്‍ പോകുന്നു. മറ്റാര്‍ക്കും പങ്കില്ല. എഴുതിയ കുറിപ്പ് വീട്ടിനുള്ളില്‍നിന്ന് പോലീസ് കണ്ടെടുത്തു. ഞായറാഴ്ച കുഞ്ഞാമന്റെ ജന്മദിനമായിരുന്നു.
അവസാനമായി സോഷ്യൽ മീഡിയ വഴി കൈമാറിയ വാക്കുകൾ
‘Of course, Marx said: ”Essence of existence is human freedom.” But the problem with a well-fed , well caged slave is that he/she may not even realise the reality. Towards the end of slavery in America, many slaves themselves wanted slavery to continue. That was the irony of the situation.’
ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവ് നായയുമായി മല്ലിടേണ്ടിവന്നതിനെക്കുറിച്ച് കുഞ്ഞാമന് ആത്മകഥയായ എതിരില്‍ എഴുതുന്നുണ്ട്. എംഎയ്ക്ക് പഠിക്കുമ്പോള്‍ പ്രണയം തോന്നിയ പെണ്‍കുട്ടി ‘ആ ബെഗ്ഗറോ’ എന്ന് തന്നെക്കുറിച്ച് ഒരു സ്നേഹിതനോട് പറഞ്ഞത് കേൾക്കേണ്ടി വന്നതും വിവരിക്കുന്നുണ്ട്. ”We celebrate victory, but we learn from failures” എന്നാണ് ഇതിനെ മറികടന്നു കൊണ്ട് അദ്ദേഹം കുറിച്ചത്.
സമൂഹത്തില്‍ മാറ്റംവരുന്നത് പരാജിതനിലൂടെയാണെന്നും വിജയിയിലൂടെയല്ലെന്നും വാദിച്ചു. വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണമാവാം. പക്ഷേ, നിയമനിര്‍മ്മാണ സഭകളിലേക്ക് കീഴാളര്‍ വരേണ്ടത് സംവരണത്തിലൂടെയല്ലെന്നും രാഷ്ട്രീയത്തിലൂടെ തന്നെയായിരിക്കണമെന്നും അഭിപ്രായപ്പെട്ടു. സ്ഥാപിത ഇടത്പക്ഷ താല്പര്യങ്ങള്ക്ക് ഒപ്പം നിൽക്കാത്ത ചിന്തകനായിരുന്നു.
വ്യത്യസ്തമായ വഴിവെട്ടിയ ചിന്തകൻ
കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്. ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്നു. സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമാണ്.
പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം. കുഞ്ഞാമന് ജനിച്ചത്. മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനാണ്. വാടാനംകുറിശ്ശി എല്‍.പി. സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതല്‍ എം.എ. വരെ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലായിരുന്നു പഠനം.
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് 1974-ലാണ് അദ്ദേഹം എം.എ. റാങ്ക് നേടുന്നത്. എം.എയ്ക്ക് ശേഷം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ ‘കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെ കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തില്‍ ഗവേഷണം. പിന്നീട് ‘ഇന്ത്യയിലെ സംസ്ഥാനതല ആസുത്രണം’ എന്ന വിഷയത്തില്‍ കുസാറ്റില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കി.
1979 മുതല്‍ 2006 വരെ കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനായി. ഒന്നരവര്‍ഷത്തോളം യു.ജി.സി. അംഗവുമായിരുന്നു. 2006-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് രാജിവെച്ചശേഷമാണ് അദ്ദേഹം തുല്ജാപൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായത്.
കേരളത്തിലെ വികസനപ്രതിസന്ധി, എതിര് (ആത്മകഥ), സ്റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഗ്ലോബലൈസേഷന്: എ സബാള്‍ട്ടേണ്‍ പെര്‍സ്പെക്ടീവ്, എകണോമിക് ഡെവലപ്പ്മെന്റ് ആന്‍ഡ് സോഷ്യല്‍ ചേഞ്ച്, ഡെവലപ്പ്മെന്റ് ഓഫ് ട്രൈബല്‍ എക്കണോമി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
എതിരിന് ലഭിച്ച പുരസ്കരം നിരസിച്ചു
2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു. അധികാരത്തെ ചോദ്യംചെയ്യലാണ് ശരിയായ രാഷ്ട്രീയമെന്ന കാഴ്ചപ്പാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ജീവിതമായിരുന്നു. അംബദ്കറുടെ അടിസ്ഥാനപരമായ അജണ്ട അധികാരത്തെ ചോദ്യംചെയ്യലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ വിശുദ്ധ പശുക്കളില്ല. ചോദ്യങ്ങളില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ മരണമായിരിക്കും എന്നും അഭിപ്രായപ്പെട്ട ചിന്തകനാണ്.
കുഞ്ഞാമന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രീകാര്യം പോലീസ് കേസെടുത്തു. ഭാര്യ: ഡോ. രോഹിണി. മകള്‍: അഞ്ജന (അമേരിക്ക).