തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ വിഭാഗം പിജി വിദ്യാർത്ഥിയായിരുന്ന യുവ ഡോക്ടര്‍ ഷഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ട പിജി അസോസിയേഷൻ മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഷഹ്‌നയുടെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ബന്ധുക്കളുടെ പരാതിയില്‍ ഡോ. റുവൈസിനെ പോലീസ് ഇന്നലെ പ്രതിചേര്‍ത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തത്. ഇയാളെ നേരത്തെ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.
ആത്മഹത്യാപ്രേരണാ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ, ഫോണിലെ വിവരങ്ങളെല്ലാം ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. ഈ ഫോൺ പോലീസ് സൈബർ സെല്ലിന് കൈമാറും. ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് റുവൈസിനെ കസ്റ്റഡിയിലെടുക്കുന്നത്.
വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷഹനയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസ് തന്നെയാണ് ഇങ്ങോട്ടുവന്നതെന്ന് കുടുംബം വ്യക്തമാക്കി. ഇരുവര്‍ക്കും ഇഷ്ടമുള്ളതിനാല്‍ കുടുംബവും സമ്മതിച്ചു. എന്നാല്‍, 150 പവനും ബി.എം.ഡബ്യൂ കാറും ഉള്‍പ്പെടെ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയാതിരുന്നതോടെ ഷഹനയുമായുള്ള ബന്ധത്തില്‍നിന്ന് ഇയാള്‍ പിന്മാറി. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനാല്‍ ബാപ്പ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് ഇയാള്‍ ഷഹനയോട് പറഞ്ഞതെന്നും ഇതോടെ ഷഹന കടുത്ത മാനസികവിഷമത്തിലായെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍നിന്നാണ് ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി തന്നെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധനനിയമം ഉള്‍പ്പെടെ ചുമത്തി ഇയാള്‍ക്കെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരുന്നു
സ്ത്രീധനം ചോദിച്ചാൽ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്കാവണം- മുഖ്യമന്ത്രി
സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം ചെയ്യൂവെന്ന് പറഞ്ഞാൽ താൻ പോടോയെന്ന് പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് യുവഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നവകേരള സദസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വത്തോടൊപ്പം ശക്തമായ നടപടികളും സ്വീകരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വിസ്മയയുടെ മരണത്തിലടക്കം ശക്തമായ നടപടികളാണ് ഉണ്ടായത്. സ്ത്രീധനത്തിനെതിരേ ശക്തമായ പൊതുബോധം ഉണ്ടാക്കി കൊണ്ടുവരാൻ സമൂഹത്തിന് കഴിഞ്ഞാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം തെളിഞ്ഞാൽ എംബിബിഎസ് ബിരുദം റദ്ദാക്കും
ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ വ്യക്‌തമാക്കി.
സ്‌ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്‌തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്ത് തന്നെ എല്ലാ വിദ്യാർഥികളിലിൽ നിന്നും സത്യവാങ്‌മൂലം വാങ്ങാറുണ്ടെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.