നിപ വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അടുത്ത ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താം. നിപ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജില്ലാ കളക്ടര്‍ എ. ഗീത. എല്ലാ വിദ്യാലയങ്ങൾക്കും നിയന്ത്രണം ബാധകമാവും.
ഇതിനിടെ കോഴിക്കോട് ബീച്ചിൽ എത്തിയവരെ പൊലീസ് തിരിച്ചയച്ചു. പൊതു സ്ഥലങ്ങളിലും പാർക്കുകളിലും മാളിലും ആൾക്കൂട്ടം ഉണ്ടാവുന്നത് നിയന്ത്രിക്കാൻ നിർദ്ദേശമുണ്ട്.
ആദ്യം മരിച്ചയാളുടെ സാമ്പിളും പോസിറ്റീവ്
ഓഗസ്റ്റ് മുപ്പതിന് മരിച്ച വ്യക്തിക്കും നിപ വൈറസ് ബാധയുണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയില്‍ ത്രോട്ട് സ്വാബ് ഉണ്ടായിരുന്നു. ഇത് പരിശോധനക്ക് അയച്ചു. റിസൾട്ട് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇയാളില്‍നിന്നാണ് രോഗം കൂടുതല്‍ പേരിലേക്കെത്തിയത്.
കോഴിക്കോട് നഗരത്തിലും കണ്ടെയിൻമെൻ്റ് സോൺ
വെള്ളിയാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതിൽ കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആറ് പോസിറ്റീവ് കേസുകളും 83 നെഗറ്റീവ് കേസുകളുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
1080 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 122 പേര്‍ ഹൈ റിസ്‌കില്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരാണ്. മലപ്പുറം ജില്ലയില്‍ 22 പേരും കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുപേരും വയനാട്ടില്‍ ഒരാളും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധിക്കും. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതില്‍ ആദ്യം മരിച്ച ആളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞും ഉള്‍പ്പെടുന്നു.
അതിവ്യാപനമുണ്ടായ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാഫലം നെഗറ്റീവാണ്. 10714 വീടുകളിലാണ് ഇന്ന് സര്‍വേ നടത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.