നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി അടുത്ത ആഴ്ചയും തുടരും. അനിശ്ചിത കാലത്തേക്ക് അവധി എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയത് ശരിയല്ല എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം.
മറ്റ് നിർദേശങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും കളക്ടർ അറിയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്തണമെന്നും വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്നുമാണ് അറിയിപ്പ്.
അടുത്ത ഒരാഴ്ചത്തേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും കഴിഞ്ഞ ദിവസം തന്നെ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് വ്യാഖ്യാനിച്ച് അനിശ്ചിത കാല അവധി പ്രഖ്യാപിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.