രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറയുന്നത് മാറ്റിവെച്ചത്.
ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. സിപിഎം, ഡോ ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവരാണ് ഹർജിക്കാർ.
സുപ്രീം കോടതി പറഞ്ഞിട്ടും
ഇലക്ടറൽ ബോണ്ട് സംഭാവനകളുടെ ഡാറ്റ ഇതുവരെ നൽകാത്തതിൽ ഇലക്ഷൻ കമ്മീഷനോട് സുപ്രീം കോടതി അതൃപ്തി അറിയിച്ചു. 2019 ഏപ്രിൽ 12-ന് പാസാക്കിയ ഇടക്കാല ഉത്തരവ് പ്രകാരം, ഇലക്ടറൽ ബോണ്ട് ഫണ്ടിങ്ങിന്റെ ഡാറ്റ സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. എന്നാൽ വിധി 2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ടതാണെന്ന ധാരണയായിരുന്നു കമ്മീഷന് ഉണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അമിത് ശർമ കോടതിയെ അറിയിച്ചു. എന്നാൽ കമ്മീഷന്റെ വാദം ബെഞ്ച് അംഗീകരിച്ചില്ല. വിവരങ്ങൾ തുടർച്ചയായി ശേഖരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളോടും ദാതാക്കളുടെ വിശദമായ വിവരങ്ങൾ, മുദ്രവച്ച കവറിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാനായിരുന്നു 2019 ഏപ്രിലിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നത്. ഓരോ ബോണ്ടിനും ലഭിച്ച തുകയും തുക ക്രെഡിറ്റ് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളുംഓരോ ക്രെഡിറ്റിന്റെയും തീയതിയുമടക്കം .’ ഉത്തരവ് പ്രകാരം വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും ഉത്തരവിൽ പറഞ്ഞിരുന്നു.