മാമലക്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ തൊടിയിൽ കാർഷിക ആവശ്യത്തിനായി കുഴിച്ച കിണറ്റില്‍ ആനയും കുഞ്ഞു. കൂട്ടമായി മേയുന്നതിനിടെ അബദ്ധത്തിൽ വീണതാണ് എന്നാണ് കരുതുന്നത്. വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി അഞ്ചുകുടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാവിലെ തോട്ടത്തിലെത്തിയ ആളുകളാണ് ആനയും കുട്ടിയാനയും ഉപയോഗശൂന്യമായ കിണറ്റില്‍ വീണനിലയിൽ കണ്ടത്. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ജെ സി ബി കണ്ട് പേടിച്ച് വന പാലകർക്ക് നേരെ…
ജെ.സി.ബി ഉപയോഗിച്ച് മണ്ണിടിച്ചാണ് കാട്ടാനയേയും കുഞ്ഞിനേയും പുറത്തെടുത്തത്. പുറത്തേക്ക് കടക്കുമ്പോഴുണ്ടായ പരിഭ്രാന്തിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ച ജെ.സി.ബി.യില്‍ ഇടിച്ചു. തുടർന്ന് പരിഭ്രാന്തി തീരാതെ സമീപത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ ആന പാഞ്ഞടുത്തു. ഇതിനിടെ തുമ്പി കൈ വീശിയുള്ള അടിയേറ്റാണ് ഉദ്യോഗസ്ഥന് പരുക്കേറ്റത്. അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും ആനയും കുട്ടിയും ഇതിന് ശേഷം തിരികെ സുരക്ഷിതമായി കാട്ടിലേക്ക് മടങ്ങി.
ഇന്നലെ രാത്രിയോടെ തോട്ടത്തിലേക്ക് എത്തിയ ആന കൂട്ടത്തിലുണ്ടായിരുന്ന ആനയും കുഞ്ഞുമാണ് കിണറ്റില്‍ വീണുപോയത്. ആദ്യം ഒരു ആന വീണു. അതിനെ രക്ഷിക്കാനെത്തിയ ആനയും കിണറിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം.
അഞ്ചുകുടി സ്വദേശിയായ പൊന്നമ്മയുടെ തോട്ടത്തിലെ കിണറിലാണ് ആനയും കുഞ്ഞും വീണത്. കാട്ടാനശല്യം കാരണം ഇവിടെ ജീവിതവും കൃഷിയും സാധ്യമാവാത്ത സാഹചര്യമാണ്. പൊന്നമ്മയുടെ കുടുംബം ഇവിടെ നിന്ന് മാറി താമസിക്കുകയായിരുന്നു. ആഴം കുറഞ്ഞ കാർഷിക ആവശ്യത്തിനായി വെള്ളം എടുക്കാൻ നിർമ്മിച്ച കിണറാണ്. ഇത് രക്ഷാ പ്രവർത്തനം എളുപ്പമാക്കി.
നിരന്തരം കാട്ടാനശല്യമുള്ള പ്രദേശമാണ് ഇവിടം. നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും താമസം മാറിപോയിട്ടുണ്ട്. ആനകൾ ജനവാസ മേഖലയിലേക്ക് എത്തുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്.

കാഴ്ചക്കാർ എത്തുന്നു, കർഷകർ കുടി ഒഴിയുന്നു
മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും കുന്നിൻ പുറങ്ങളും ഒക്കെയായി നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഗ്രാമമാണ് മാമലകണ്ടം. കുട്ടമ്പുഴയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ്. മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന മാമലകണ്ടം ഇപ്പോള്‍ എറണാകുളം ജില്ലയുടെ ഭാഗമാണ്.
കോതമംഗലത്ത് നിന്ന് രണ്ടു വഴി മാമലകണ്ടത്തേക്ക് എത്താം. ഒന്ന് തട്ടേക്കാട്-കുട്ടമ്പുഴ വഴി. മറ്റൊരു റൂട്ട് നേര്യമംഗലം വഴിയാണ്. ധാരാളം വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമായത്തിനാൽ നേര്യമംഗലം-മാമലകണ്ടം റോഡ് വഴി രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.