ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടര്‍ന്നാണ് അടച്ചുപൂട്ടലെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു. നവംബര്‍ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും എംബസി വ്യക്തമാക്കി.
രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥർ പുറത്തിറക്കുന്നത്. നവംബർ ഒന്നിനും സമാനമായ നിലയിൽ പ്രസ്താവയിറക്കിയിരുന്നു. ദില്ലിയിലുളള എംബസി അഫ്ഗാനിൽ ഭരണത്തിലുളള താലിബാന് കൈമാറണോ എന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം. നിലവിൽ താലിബാൻ ഭരണത്തോട് നയതന്ത്ര ബന്ധം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ദില്ലിയിലുളള അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ നൽകുന്നതിലും കേന്ദ്രം തീരുമാനമെടുത്തിരുന്നില്ല.
നേരത്തേ സെപ്റ്റംബര്‍ 30-ന് എംബസി താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. ഇപ്പോള്‍ സ്ഥിരമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
എല്ലാ അഫ്ഗാന്‍ നയതന്ത്രജ്ഞരും ഇന്ത്യ വിട്ടു. കഴിഞ്ഞ 22 വര്‍ഷമായി അഫ്ഗാന്‍ എംബസി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2021-ല്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചശേഷം ഡല്‍ഹിയിലെ എംബസിക്കകത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും നയ-താത്പര്യങ്ങളിലുണ്ടായ മാറ്റങ്ങളും വാർത്തയായിരുന്നു. താലിബാൻ അനുകൂലവും എന്നാൽ പഴയ ഗവൺമെൻ്റിൽ കൂറുള്ളതുമായ നിലപാടുകൾ ഉണ്ടായി.