അടുത്ത അധ്യയനവർഷം മുതൽ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് കേരളത്തിലും എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തുന്നതിന് തീരുമാനമായി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുകളും സന്നദ്ധത അറിയിച്ചു. ഇതോടെ 2024-25 പ്രവേശനത്തിന് എൻട്രൻസ് ഏർപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർേദശം നൽകി.
തമിഴ് നാട്ടിലും കർണ്ണാടകയിലും വരും
രണ്ടുവർഷമായി പ്രവേശനനടപടി തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ പ്രവേശന പരീക്ഷയിൽ നിന്നും ഒഴിഞ്ഞുമാറിയത്. തമിഴ്‌നാടും പ്രവേശന പരീക്ഷ നടത്തിയിരുന്നില്ല. കർണാടകത്തിൽ ഇക്കൊല്ലം പ്രവേശന പരീക്ഷ നടത്തിയെങ്കിലും പൊതു ധാരണയിൽ എത്തിയിരുന്നില്ല.
നഴ്‌സിങ് പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്ന് രണ്ടുവർഷമായി ദേശീയ നഴ്‌സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. പ്രവേശനപരീക്ഷയിലൂടെ അല്ലാതെ അഡ്മിഷൻ നേടുന്നവരുടെ ബിരുദം അംഗീകരിച്ച് നൽകില്ലെന്നും കൗൺസിൽ എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. ഇതോടെ അയൽ സംസ്ഥാനങ്ങളും പ്രവേശന പരീക്ഷയിലേക്ക് പൂർണ്ണമായി മാറേണ്ടി വരും.

എഞ്ചിനിയറിങ് ഫാർമസി പരീക്ഷയ്ക്ക് ഒപ്പമാവാം
നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സർക്കാർ കോളേജുകളിലെയും സ്വാശ്രയകോളേജുകളിലെ പകുതിസീറ്റിലെയും പ്രവേശനത്തിനുള്ള റാങ്ക്‌പട്ടിക തയ്യാറാക്കുന്നതും പ്രവേശനനടപടി പൂർത്തിയാക്കുന്നതും.
സ്വാശ്രയകോളേജുകളിലെ 50 ശതമാനം സീറ്റ് മാനേജ്‌മെന്റ് അസോസിയേഷനുകളാണ് നികത്തുന്നത്. ഇതിനായി അവർ പ്രത്യേകം അപേക്ഷ ക്ഷണിക്കുകയാണ്. അസോസിയേഷനുകളിലില്ലാത്ത ഏതാനും കോളേജുകൾ നേരിട്ടും ഈ സീറ്റുകളിൽ പ്രവേശനം നടത്തുന്നുണ്ട്.
ഏത് ഏജൻസി പരീക്ഷ നടത്തുമെന്നതടക്കമുള്ള കാര്യങ്ങൾ ആലോചനാഘട്ടത്തിലാണ്. എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയ്ക്കൊപ്പം സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണറേറ്റിനെ ഏൽപ്പിക്കാനാണ് ആലോചന. പ്രവേശന പരീക്ഷയും സിലബസും ദേശീയ നഴ്സിങ് കൌണസിൽ മാർഗ്ഗ രേഖ പ്രകാരം തന്നെയാവും. ഇതര സംസ്ഥാനങ്ങളിൽ ഇതിൻ്റെ മാതൃകാ പരീക്ഷകൾ നടന്നിട്ടുണ്ട്.