വിദേശ എം.ബി.ബി.എസ്. ബിരുദമെടുത്ത വിദ്യാർഥികൾക്കായുള്ള തത്തുല്യതാ പരീക്ഷ- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ -FMGE- ഡിസംബർ സെഷനിലെ സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷിക്കാം.
natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
പരീക്ഷ
ജനുവരി 20-നുനടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, രണ്ടുഭാഗങ്ങളിലായി ഒരു മാർക്കുവീതമുള്ള മൊത്തം 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുള്ള ഒരു പേപ്പറാണുള്ളത് (150 ചോദ്യങ്ങൾ വീതം). യോഗ്യത നേടുന്നതിനായി, അർഹതയ്ക്കുവിധേയമായി ഒരാൾക്ക് എത്രതവണ വേണമെങ്കിലും എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാം.
രണ്ടരമണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടുസെഷനുകളിലായി പരീക്ഷ നടത്തും. രാവിലെ ഒമ്പതുമുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെയും. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കില്ല. പരീക്ഷയുടെ സിലബസ് natboard.edu.in-ൽ ‘എക്സാമിനേഷൻസ്’ ലിങ്കിൽ ഉള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. 300-ൽ 150 മാർക്ക് നേടുന്നവർ യോഗ്യത നേടിയതായി കണക്കാക്കും.
അപേക്ഷകർ അറിയേണ്ടത്
അപേക്ഷ
natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 7080 രൂപ. ഓൺലൈനായി അടയ്ക്കാം. വിജയകരമായി ഫീസ് അടച്ചവർക്ക് ഡിസംബർ 15 മുതൽ ഡിസംബർ 18 വരെ എഡിറ്റ് വിൻഡോ തുറന്നുനൽകും. ചില ഫീൽഡുകൾ ഒഴികെയുള്ളവ ഈ സമയത്ത് തിരുത്താം. ഇമേജിലെ (ഫോട്ടോ, ഒപ്പ്, തംബ് ഇംപ്രഷൻ) തിരുത്തലുകൾക്ക് ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ അവസരമുണ്ടാകും. അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്ത രേഖകളിലെ ന്യൂനതകൾ അന്തിമമായി പരിഹരിക്കാൻ ജനുവരി അഞ്ചിന് രാവിലെ 11 മുതൽ എട്ടിന് രാത്രി 11.55 വരെ അവസരം ലഭിക്കും. അഡ്മിറ്റ് കാർഡ് ജനുവരി 12 മുതൽ ലഭ്യമാക്കും.