ഇസ്രയേലിനെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ സൂപ്പർ മോഡൽ ജിജി ഹദീദിന് സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം. ഇതിനെ തുടർന്ന് താരത്തിന് പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നു.
ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നതിനും വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ പലസ്തീനികളെ വധിച്ചും, പീഡിപ്പിച്ചും, കടത്തിക്കൊണ്ടുപോയും ദ്രോഹിച്ചിട്ടുണ്ടെന്ന് ജിജി ഹദീദ് ഇൻസ്റ്റഗ്രാമിൽ തുറന്നടിച്ചിരുന്നു. കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രയേലെന്നും ജിജി ഹദീദ് ഉയർത്തിക്കാട്ടി. മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ അവരുടെ അനുവാദമില്ലാതെ ഇസ്രയേൽ എടുക്കാറുണ്ടെന്നും ജിജി ഹദീദ് പങ്കുവെച്ച ആരോപിച്ചു.
കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ അവയവങ്ങൾ വർഷങ്ങളായി ബന്ധുക്കളുടെ അനുമതിയില്ലാതെ ഇസ്രായേൽ കവരുന്നതായി ആരോഗ്യ പ്രവർത്തകർ വെളിപ്പെടുത്തുന്ന വിഡിയോയും അവർ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റിനെതിരെ രംഗത്തുവന്ന ഒരു വിഭാഗം ജിജിയുമായുള്ള കരാർ റദ്ദാക്കണമെന്ന് അവരുടെ മോഡലിങ് ഏജൻസിയായ ഐ.എം.ജിയോട് ആവശ്യപ്പെട്ടു.

വർഷങ്ങളായി ഇസ്രായേൽ തടവിലിട്ട അഹ്മദ് അൽമനസ്ര എന്ന 13കാരനെ കുറിച്ചും ഇൻസ്റ്റയിൽ സൂചിപ്പിച്ചിരുന്നു. ‘ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇസ്രായേൽ അൽമനസ്രയെ പിടിച്ചുകൊണ്ടുപോയി ഏകാന്ത തടവിലിട്ടു. നൂറുകണക്കിന് ഫലസ്തീൻ കുട്ടികൾ ഇസ്രായേൽ ജയിലുകളിൽ തടങ്കലിൽ കഴിയുന്നു, കഷ്ടപ്പെടുന്നു’, ജിജി ഹദീദ് കുറിച്ചു.
പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് ജിജി ഹദീദിനെ ആക്രമിച്ചത്. ഇസ്രയേലിൽ ഹമാസ് നടത്തിയ കൂട്ടക്കുരുതിയിൽ ധീരമായി ഒന്നും തന്നെയില്ലെന്നും തീവ്രവാദികൾക്കെതിരായുള്ള ഇസ്രയേലിന്റെ ചെറുത്ത് നിൽപ്പിനെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും ഇസ്രയേൽ മറുപടിയായി പറഞ്ഞു.
