ലൈംഗികാതിക്രമം ചെറുത്ത പെൺകുട്ടിയെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. പതിനേഴുകാരിയുടെ കാലും കൈയും അറ്റു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ബറേലിയിലെ സി.ബി. ഗഞ്ജ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
നേരത്തെ തന്നെ അക്രിമികൾ കുട്ടിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി എങ്കിലും നടപടി എടുത്തില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. മാത്രമല്ല സംഭവം ആത്മഹത്യാ ശ്രമമാണ് എന്ന് വരുത്തി തീർക്കാനും പോലീസ് ശ്രമിച്ചു. പ്രണയ നൈരാശ്യം മൂലം ട്രെയിനിന് മുന്നിൽ ചാടി എന്നായിരുന്നു വിശദീകരണം. എന്നാൽ കുട്ടിയുടെ അഭിഭാഷകനായ അമ്മാവൻ ഇതിനെതിരെ പരാതിപ്പെട്ടതോടെയാണ് കേസ് മാറുന്നത്.
അടുത്തുള്ള സി സി ടിവി ഫൂട്ടേജുകൾ പരിശോധിച്ചപ്പോൾ അതേ ഗ്രമത്തിലെ രണ്ട് യുവാക്കൾ പെൺ കുട്ടിയെ ശല്യം ചെയ്യുന്നതും പിന്തുടരുന്നതും കണ്ടെത്തിയതായി ഇന്ത്യൻ എക്സ്പ്രസ് കുട്ടിയുടെ അമ്മാവനെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തു.
പൊലീസ് തന്നെ അട്ടിമറിക്കാൻ ശ്രമിച്ച കേസ്
കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഖരവൈ റെയില്‍വേ ക്രോസിന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുനീക്കിയതായി ആശുപത്രി ഡയറക്ടര്‍ ഡോ. ഒ.പി. ഭാസ്‌കര്‍ അറിയിച്ചു. കുട്ടിയുടെ ഒരു കൈയും നഷ്ടമായി. ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രതിയായ യുവാവും സുഹൃത്തും ശല്യംചെയ്യുന്നത് പതിവാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ബി. ഗഞ്ജ് പോലീസ് ഇന്‍സ്‌പെക്ടര്‍ അശോക് കാംബോജ്, സംഭവം നടന്ന പ്രദേശത്തിന്റെ ചുമതലയുള്ള നിതേഷ് കുമാര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ രക്ഷിതാക്കളുടെ പരാതി പ്രകാരം സസ്പെൻ്റ് ചെയ്തു. ഇന്നലെയാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച രീതിയിൽ ഉത്തർ പ്രദേശിൽ 13 കാരിയെ കണ്ണ് കുത്തി പൊട്ടിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്.