ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒന്‍പതു വയസ്സുകാരിയെ കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുട്ടി ബസ്സില്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്നാണ് കാണാതായത്. തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടനത്തിനെത്തിയ സംഘത്തിലെ കുട്ടിയാണ്. രക്ഷിതാക്കളായി എത്തിയവർ കുട്ടി ഇറങ്ങിയോ എന്ന് ഉറപ്പ് വരുത്തിയിരുന്നില്ല.
ഭവ്യ എന്ന നാലാംക്ലാസുകാരി ഉൾപ്പെടുന്ന സംഘം ബുധനാഴ്ച രാവിലെ പത്തിനാണ് പമ്പയിൽ എത്തിയത്. ബസ്സിറങ്ങി നടന്ന് കുറച്ചുകഴിഞ്ഞപ്പോഴാണ് മകളെ കാണാനില്ലെന്ന് അച്ഛന് ബോധ്യപ്പെട്ടത്. തിരികെയെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ബസ് പമ്പയില്‍ അയ്യപ്പൻമാരെ ഇറക്കിയ ശേഷം നിലയ്ക്കലിലേക്ക് മടങ്ങിയിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് വിവരമറിയിച്ചതു പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ ബസ്സിന്റെ നമ്പര്‍ സ്വീകരിച്ച് നിലയ്ക്കലിലെത്തി. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അട്ടത്തോട്ടില്‍വെച്ച് കണ്ടെത്തി എങ്കിലും എല്ലാവരും പമ്പയില്‍ത്തന്നെ ഇറങ്ങിയെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
ഇതോടെ ബസ്സിനകത്ത് കയറി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റില്‍ ഉറങ്ങുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. കുഞ്ഞിനെ കണ്ടുകിട്ടിയ കാര്യം പോലീസിലറിയിക്കാന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചെങ്കിലും മൊബൈല്‍ റേഞ്ചില്ലാത്തത് വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചു. തുടര്‍ന്ന് മോട്ടോ വാഹന വകുപ്പ് വാഹനത്തില്‍ കുഞ്ഞിനെ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിച്ചു. ആശങ്കയോടെ കാത്തിരുന്ന രക്ഷിതാക്കൾക്ക് കൈമാറി.