കരിപ്പൂരിൽ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കയ്യിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ്റെ പങ്കാളിത്തവും കണ്ടെത്തി കേരള പൊലീസ്.
സ്വർണകടത്തിന് സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റും കസ്റ്റംസ് ഉദ്യോഗസ്ഥനുമുൾപ്പെടുന്ന മാഫിയസംഘം പ്രവര്‍ത്തിക്കുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ഇവരുടെ നേതൃത്വത്തിൽ സംഘം 60 തവണ കരിപ്പുർ വഴി സ്വർണം കടത്തിയതായും പോലീസ് തെളിവുകൾ പുറത്തു വിട്ടു.
സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ് നവീനാണ് കുറ്റകൃത്യത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം തന്നെ മൂന്ന് തവണ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടിയിരുന്നു.
63 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പോലീസ് പിടികൂടിയിരുന്നു. അന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്നും കസ്റ്റംസിന്റെ ഡ്യൂട്ടി ചാർട്ട് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നവീൻ സ്വർണക്കടത്ത് ഏകോപിപ്പിച്ചതായി കണ്ടെത്തിയത്.
കമാണ്ടൻ്റിനെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും പ്രതിയാക്കി കേസ് എടുത്തു
സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീനും കസ്റ്റം ഓഫീസർമാരും ലഗേജ് വിഭാഗത്തിലെ കരാർജീവനക്കാരൻ ഷറഫലിയും അടങ്ങുന്ന ഇദ്യോഗസ്ഥ സംഘത്തെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. നവീനിനൊപ്പം ചേർന്ന് പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസ് ശേഖരിച്ചു കഴിഞ്ഞു.
എന്നാൽ ഇവരുടെ ആരുടെയും പൂർണ്ണ വിലാസവും ചിത്രവും പൊലീസ് കൈമാറിയിട്ടില്ല. സമൂഹത്തിന് മുന്നിൽ ഇത്തരം മാഫിയ കണ്ണികൾ മാന്യത നേടുകയാണ് പതിവ്. ജോലിയിൽ നിന്നും പിരിച്ചു വിട്ടാൽ പോലും അതിലും അധികം ഇവർ അവിഹിത മാർഗ്ഗത്തിൽ സമ്പാദിക്കുന്നു.
കള്ളക്കടത്ത് സ്വർണം ഏറ്റുവാങ്ങാൻ എത്തിയപ്പോർ ഈ മാസം 5 ന് വിമാനത്താവളത്തിൽ നിന്ന് പിടിയിലായ കൊണ്ടോട്ടി സ്വദേശി ഫൈസലിൻ്റെ ഫോണിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലിയാണ് ഫൈസലിനെ സഹായിക്കുന്നതെന്നും വ്യക്തമായി. കൂടുതൽ അന്വേഷണത്തിലാണ് നവീൻകുമാറിന്റേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും പങ്ക് വ്യക്തമാകുന്ന തെളിവുകൾ പുറത്തു വന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണം കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകൾക്കും തെളിവ് ലഭിച്ചു. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.