ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ 10 ദിവസത്തോളമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങൾ ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ പുറത്തുവിട്ടു. ആറ് ഇഞ്ച് ഭക്ഷണ പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറ ദൃശ്യങ്ങൾ പകർത്തിയത്.
മഞ്ഞയും വെള്ളയും കലർന്ന ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്നതും രക്ഷാപ്രവർത്തകരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും ഈ ദൃശ്യങ്ങളിൽ കാണാം.
തൊഴിലാളികളുടെ ക്ഷേമം വിലയിരുത്തുന്നതിനായി പൈപ്പ് ലൈനിലൂടെ കാമറകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖൽഖോ, നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് കാമറ വിന്യസിച്ചത്.
തിങ്കളാഴ്ച രക്ഷാപ്രവർത്തകർ തകർന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ കയറ്റിയ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ്ലൈനിലൂടെ ഭക്ഷണം കൈമാറി. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിൽ നവംബർ 12 ന് പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് 41 തൊഴിലാളികൾ കുടുങ്ങിയത്.
പഴയ മാതൃകയിൽ പാറപൊട്ടിച്ചാണ് തുരങ്കം നിർമ്മിച്ചിരുന്നത്. നിർമ്മാണ കമ്പനിക്ക് വേണ്ടി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇളവ് നൽകി എന്ന് വിമർശനം ഉണ്ടായി.
ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിന്റെ ഭാഗം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. 4,531 മീറ്റര്‍ നീളമുള്ള സില്‍ക്യാര ടണല്‍ കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമാണ്.
853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍എച്ച്‌ഐഡിസിഎല്‍) നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതുവരെ, കുടുങ്ങിക്കിടക്കുന്ന ഒരു തൊഴിലാളിയെപ്പോലും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കപാതയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞതാണ് തുരങ്കം തകരാന്‍ കാരണമെന്നാണ് പ്രാഥമിക മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ അന്വേഷണം നടക്കുകയാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ പറഞ്ഞു.
ഈ 40 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും എട്ടുപേര്‍ ഉത്തര്‍പ്രദേശ്, അഞ്ച് പേര്‍ ഒഡീഷ, നാല് പേര്‍ ബിഹാര്‍, മൂന്ന് പേര്‍ പശ്ചിമബംഗാള്‍, ഒരാള്‍ ഹിമാചല്‍ പ്രദേശ്, രണ്ടുപേര്‍ വീതം ഉത്തരാഖണ്ഡ്, അസം എന്നിവടങ്ങളില്‍ നിന്നുള്ളരാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ അറിയിച്ചു.
ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. ഇടുങ്ങിയ റോഡുകള്‍ ഒഴിവാക്കി തീര്‍ഥാടകരുടെ യാത്രാസമയം ഒരു മണിക്കൂറോളം ലാഭിക്കാന്‍ തുരങ്ക പാതയ്ക്ക് കഴിയും. നിലവിലെ റോഡ് വീതി കൂട്ടുമ്പോള്‍ പ്രദേശത്തെ സസ്യസമ്പത്തിനെ വലിയ തോതില്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തുരങ്ക പാതാ നിര്‍മിക്കാന്‍ തീരുമാനിച്ചത്.