കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡിസംബർ ആറിന് വിളിച്ച ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളുടെ യോഗം ഒഴിവാക്കുമെന്ന് മറ്റ് ഭൂരിപക്ഷം പാർട്ടികളിലെയും നേതാക്കൾ അറിയിച്ചതിനെത്തുടർന്ന് കോൺഗ്രസ് യോഗം മാറ്റിവച്ചു.
എല്ലാവർക്കും സൗകര്യപ്രദമായ തീയതിയിൽ ഇന്ത്യ സഖ്യകക്ഷികളുടെ യോഗം ഡിസംബർ മൂന്നാം വാരത്തിലേക്ക് വീണ്ടും ഷെഡ്യൂൾ ചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു.
ഡിസംബർ 22 വരെ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സഭാ നേതാക്കളുടെ യോഗം നാളെ (ഡിസംബർ 6) മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേരും.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡിസംബർ ആറ് മുതൽ ഡിസംബർ 11 വരെ വടക്കൻ ബംഗാൾ സന്ദർശിക്കുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് തിങ്കളാഴ്ച അറിയിച്ചിരുന്നു. മൈചോങ് ചുഴലിക്കാറ്റും കനത്ത മഴയും കാരണം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിനാൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. അതേസമയം, ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ആരോഗ്യനില മോശമായതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവിനും യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഹിന്ദി ഹൃദയഭൂമിയായ ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് നേരിട്ട ദയനീയ പരാജയം, അതിൽ കോൺഗ്രസ് നിലപാടിനോട് വിയോജിച്ച് കൊണ്ട് അഖിലേഷ് യാദവും മമത ബാനർജിയും ശക്തമായ സന്ദേശം നൽകിക്കൊണ്ട്, സഖ്യകക്ഷികളുമായി ഇന്ത്യ ബ്ലോക്കിലെ അസംതൃപ്തി വെളിപ്പെടുത്തി.
“അബ് പരിണാം ആ ഗയാ ഹേ തോ അഹങ്കാർ ഭീ ഖതം ഹോ ഗയാ. ആനേ വാലേ സമയ് മേ ഫിർ റസ്ത നിക് ലേഗാ (ഇപ്പോൾ ഫലം പുറത്തുവന്നതോടെ ഈഗോയും അവസാനിച്ചു. വരും ദിവസങ്ങളിൽ, ഒരു പുതിയ വഴി കണ്ടെത്തും) ,എന്ന് തിങ്കളാഴ്ച നടന്ന ഒരു പരിപാടിയിൽ കോൺഗ്രസിന്റെ പേര് പരാമർശിക്കാതെ അഖിലേഷ് യാദവ് പറഞ്ഞു.
മധ്യപ്രദേശിൽ എസ് പിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം കടുത്ത പ്രതിസന്ധിയിലായി. “ഇന്ത്യ സഖ്യം ലോകസഭയിലേക്ക് മാത്രമാണെന്ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പിനിടെ ഞാൻ മനസ്സിലാക്കി. ചോദ്യം വിശ്വാസ്യതയെ കുറിച്ചാണ്. കോൺഗ്രസ് ഇങ്ങനെ പെരുമാറിയാൽ ആരു കൂടെ നിൽക്കും?” അദ്ദേഹം ചോദിച്ചു.
സീറ്റ് പങ്കിടാൻ സമ്മതിച്ചിരുന്നെങ്കിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിക്കുമായിരുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. “ഇന്ത്യ പാർട്ടികൾ ചില വോട്ടുകൾ വെട്ടിക്കുറച്ചു, ഇതാണ് സത്യം. സീറ്റ് പങ്കിടൽ ക്രമീകരണം ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. വോട്ട് വിഭജനം കാരണമാണ് അവർ (കോൺഗ്രസ്) തോറ്റത്,” മമത പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാ മുന്നണിയടെ പ്രവർത്തനം സ്തംഭിപ്പിച്ച് കോൺഗ്രസ് സമീപനത്തോടുള്ള അമർഷം ഇന്ത്യൻ ബ്ലോക്കിൽ തിളച്ചുമറിയുകയാണ്. ജൂണിൽ രൂപീകൃതമായതിന് ശേഷം സഖ്യം നേടിയെടുത്ത ശക്തിക്ക് ഈ നീക്കം തടസ്സമായി. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ചർച്ചകളിൽ മേൽക്കൈ ലഭിക്കുമെന്ന പ്രതീക്ഷയിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനുള്ള പ്രാദേശിക പാർട്ടികളുടെ ശ്രമങ്ങളെ കോൺഗ്രസ് നിസ്സഹരിച്ചതായി സഖ്യകക്ഷികൾക്കിടയിൽ ഫലം വരുന്നതി് മുമ്പ് തന്നെ അഭിപ്രായമുയർന്നിരുന്നു. ഫലപ്രഖ്യാപനത്തോടെ അത് രൂക്ഷമായി.
‘ഇത് കോൺഗ്രസിന്റെ പരാജയമാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംഭവിച്ചതിൽ ഖേദമുണ്ട്. ഇത് ഇന്ത്യാ ബ്ലോക്കിന്റെ തോൽവിയല്ല. ഇപ്പോൾ ആറാം തീയതി വിളിച്ചിരിക്കുന്ന യോഗം നേരത്തെ വിളിക്കേണ്ടതായിരുന്നു. കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുമായിരുന്ന ഇന്ത്യൻ ബ്ലോക്കിലെ പാർട്ടികളെ അവർ വിശ്വാസത്തിലെടുക്കണമായിരുന്നു,” ജനതാദൾ (യുണൈറ്റഡ്) മുതിർന്ന് നേതാവ് കെ സി ത്യാഗി, നാല് സംസ്ഥാനങ്ങളിലെ ഫലം വന്നതിന് തൊട്ടുപിന്നാലെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കോൺഗ്രസിന്റെ തോൽവി, ബിജെപിയുടെ വിജയഗാഥയേക്കാൾ കോൺഗ്രസിന്റെ പരാജയമാണെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് കുനാൽ ഘോഷ് പറഞ്ഞു. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ നേതൃത്വം നൽകാൻ കഴിയുന്ന പാർട്ടിയാണ് ടിഎംസിയെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റിൽ അദ്ദേഹം അന്ന് തന്നെ വ്യക്തമാക്കി.
ഇന്ത്യൻ ബ്ലോക്കിലെ ഘടകകക്ഷികളുമായി കോൺഗ്രസ് കുറച്ച് സീറ്റുകൾ പങ്കിട്ടിരുന്നെങ്കിൽ മധ്യപ്രദേശ് ഫലത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സഖ്യകക്ഷികളോടുള്ള കോൺഗ്രസ് വീക്ഷണം പുനഃപരിശോധിക്കണമെന്നും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയുമായി സീറ്റ് പങ്കിടുന്നതിനെ എതിർത്തത് കമൽനാഥാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന 10-12 സീറ്റുകൾ ഉൾപ്പെടെ ചില മേഖലകളിൽ അദ്ദേഹത്തിന്റെ (അഖിലേഷിന്റെ) പാർട്ടിക്ക് നല്ല പിന്തുണയുണ്ട്,”ഫലപ്രഖ്യാപനത്തിന് പിന്നാലെ സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള, സഞ്ജയ് റൗത്തിന്റെ വീക്ഷണങ്ങളെ പിന്തുണച്ചു ഭാവിയിലും “ഇന്ത്യ സഖ്യത്തിന്റെ സ്ഥിതി” ഇങ്ങനെ തുടർന്നാൽ അതിനെ “രക്ഷിക്കാൻ കഴിയില്ല” എന്ന് പറഞ്ഞു. മധ്യപ്രദേശിലെ സ്ഥിതിഗതികൾ മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അഖിലേഷ് യാദവിന് അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നൽകിയിരുന്നെങ്കിൽ അവർക്ക് എന്ത് നഷ്ടമാകുമായിരുന്നു? ഒമർ അബ്ദുള്ള അന്ന് തന്നെ ചോദിച്ചിരുന്നു.