ഇന്ത്യൻ നിർമ്മിത സിംഗിൾ മാൾട്ട് വിസ്കി ബ്രാൻഡായ ‘ഇന്ത്രി’ ഇതര ലോക ബ്രൻ്റുകളുടെ സമനില തെറ്റിക്കുന്നു. ഓഗസ്റ്റിൽ സാൻ ഫ്രാൻസിസ്കോയിൽ നടന്ന വിസ്കി ഓഫ് എ വേൾഡ് അവാർഡിൽ ഇന്ത്രി പ്രശസ്ത ബ്രാൻ്റുകളെ കടത്തി വെട്ടി. ബ്ലൈൻഡ് ടേസ്റ്റിംഗിൽ ഇന്ദ്രിയുടെ $421 ദീപാവലി കളക്ടർ പതിപ്പാണ് പതഞ്ഞ് കയറിയത്. സ്കോട്ടിഷ്, യുഎസ് എതിരാളികളെ പിന്തള്ളി ‘ബെസ്റ്റ് ഇൻ ഷോ’ അംഗീകാരം സ്വന്തമാക്കി.
തൊഴിലാളികൾ കാച്ചിയ നാടൻ വിസ്കി

ബർബണും വീഞ്ഞും സംഭരിക്കാൻ ഉപയോഗിച്ചിരുന്ന ഓക്ക് പീസുകൾ സംഘടിപ്പിച്ചായിരുന്നു തുടക്കം. ഡൽഹിക്കടുത്തുള്ള ഒരു ഡിസ്റ്റിലറിയിൽ ഇവ ക്രമീകരിച്ചു കൊണ്ടാണ് വാഷ് മൂപ്പിച്ചത്. ഒരു കൂട്ടം തൊഴിലാളികളുടെ ആശയമായിരുന്നു ഇത്. പ്രതിദിനം ഏകദേശം 10,000 കുപ്പികളാണ് ഇന്ത്യൻ സിംഗിൾ മാൾട്ട് ഇന്ദ്രി എന്ന പേരിൽ വിപണിയിലെത്തിച്ചിരുന്നത്. ആ നാടൻ ബ്രാൻഡാണ് ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി ഇന്ന് മാറിയിരിക്കുന്നത്.

അടുത്തകാലത്ത് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ അവർ വാറ്റുന്ന മഹുവ പൂവിൽ നിന്നും അതേ പേരിലുള്ള മദ്യ ഇനം ബ്രാൻ്റു ചെയ്യുന്നതിന് അനുമതി നൽകിയിരുന്നു. ആദിവാസി മേഖലകളിൽ ഏറ്റവും വലിയ വ്യവസായ വികസന പ്രതീക്ഷയായിരുന്ന ഈ ഇനം പക്ഷെ അബ്കാരി കുത്തകളുടെ സ്വാധീനത്തിൽ പ്രഖ്യാപന ഘട്ടത്തിൽ തന്നെയാണ്. ഉത്തരേന്ത്യയിലെ ആദിവാസികളുടെ ജീവിത വൃക്ഷമായാണ് മഹുവ അറിയപ്പെടുന്നത്.
ശ്രീലങ്കയും ഫിലിപ്പൈൻസും എല്ലാം നാളികേരത്തിൽ നിന്നും മികച്ച മദ്യം ഉല്പാദിപ്പിക്കുന്നു എങ്കിലും ഇന്ത്യയിൽ ഇതും പ്രതിരോധത്തിലാണ്. കേരള സർക്കാർ സമാനമായ മദ്യനയം പ്രഖ്യാപിച്ചു എങ്കിലും മുന്നോട്ട് കൊണ്ടു പോകാൻ ശേഷിയില്ലാത്ത സാഹചര്യത്തിലാണ്.

ഇന്ത്രിയുടെ രഹസ്യം കൈക്കലാക്കിയിരിക്കുന്നത് 1953 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന പിക്കാഡിലി കമ്പനിയാണ്. ഇന്ദ്രി നിർമ്മാതാക്കളായ പിക്കാഡിലി ഡിസ്റ്റിലറീസ് തങ്ങളുടെ നിർമ്മാണം 2025 ഓടെ പ്രതിദിനം 66% വർദ്ധിപ്പിച്ചുകൊണ്ട്, 20,000 ലിറ്ററാക്കി (5,300 ഗാലൻ) ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിൽപ്പനയുടെ 30% വിദേശ മാർക്കറ്റിൽ എത്തുമെന്ന് സ്ഥാപകൻ സിദ്ധാർത്ഥ ശർമ്മ വ്യക്തമാക്കുന്നു.
വിസ്കിയുടെ ഉപഭോക്താവെന്ന നിലയിൽ നിന്നും നിർമ്മാതാവിലേക്ക് ഇന്ത്യ വരുമ്പോൾ, അതിലെ മുഖ്യ പങ്കായ സിംഗിൾ മാൾട്ടുകൾ രാജ്യത്തിന്റെ 33 ബില്യൺ ഡോളർ സ്പിരിറ്റ് വിപണിയ്ക്കാണ് കരുത്തേകുന്നത്. ഫ്രാൻസിലെ പെർനോഡ് റിക്കാർഡ് നിർമ്മിച്ച ഗ്ലെൻലിവെറ്റ്, ബ്രിട്ടനിലെ ഡിയാജിയോയുടെ ടാലിസ്കർ തുടങ്ങിയ ആഗോള ബ്രാൻഡുകളാണ് ഇപ്പോൾ മത്സര രംഗത്ത് ഉള്ളത്. ഇന്ദ്രി, അമൃത്, റാഡിക്കോ ഖൈതാൻ്റെ രാംപൂർ എന്നിവ ഇവർക്ക് ഭീഷണിയായി ഉയരുന്ന പേരുകളാണ്.
കാട്ടുവള്ളികൾ ചേർത്ത കേരളത്തിൻ്റെ പട്ടച്ചാരായം
മദ്യവിൽപ്പനയിൽ ബിയറിൻ്റെ ആധിപത്യം നിലനിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ പ്രധാനമായും വിസ്കി ഉപയോഗിക്കുന്ന രാജ്യമാണ്. കൊവിഡ് 19 കാലത്ത് പുതിയ ബ്രാൻഡുകൾ പരീക്ഷിച്ച മദ്യ ഉപഭോക്താക്കൾ ഈ മാർക്കറ്റിനെ ഉയർത്തുകയായിരുന്നു. ഈ ഘട്ടത്തിൽ ഇന്ത്യൻ നിർമമിതികൾ ആഗോള അവാർഡുകൾ, വർദ്ധിച്ച സമൃദ്ധി എന്നിവയിലൂടെ വിസ്കി ലാൻഡ്‌സ്‌കേപ്പിനെ പിടിച്ചുകുലുക്കിയതായി വ്യവസായ എക്‌സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും വ്യക്തമാക്കുന്നു.
കേരളത്തിൽ പലതരത്തിൽ നാടൻ ഇനങ്ങൾ നിലനിന്നിരുന്നു. ഇവ പ്രാദേശിക അറിവുകൾ എന്ന നിലയ്ക്ക് സംരക്ഷിക്കപ്പെടേണ്ടതിന് പകരം അബ്കാരി രാഷ്ട്രീയ ബന്ധങ്ങളിൽ കുറ്റം ചാർത്തപ്പെട്ട് പുറത്താവുകയായിരുന്നു. ആഗോള വിപണിയിൽ പ്രിയം നേടാവുന്ന ഇനമാണ് പട്ടച്ചാരായം എന്ന പേരിൽ ഇറങ്ങിയിരുന്നത്. രണ്ട് തരം കാട്ടുവള്ളികളാണ് ഇതിലെ ഫെർമൻ്റേഷന് വേണ്ടി അഭിപ്രേരകങ്ങളായും ടേസ്റ്റ് നിശ്ചിയിക്കുന്നതിനും ഉപയോഗിക്കപ്പെട്ടിരുന്നത്. പക്ഷെ നാട്ടിൽ ഏറ്റവും മോശമായും നിയമ വിരുദ്ധമായും ഉൽപാദിപ്പിക്കുന്ന ഇനങ്ങളിലേക്ക് പട്ടച്ചാരായത്തെയും സമീകരിച്ച് സാമാന്യവൽക്കരിച്ച് അബ്കാരി ലോബിയുടെ രാസ സ്പിരിറ്റുകൾ രംഗം കയ്യടക്കുകയായിരുന്നു.
മുതലാളിമാർക്ക് ഉൽപാദിപ്പിക്കാം വളരാം
അംബാനിക്കും അദാനിക്കും നഡാറിനുമൊപ്പം ഇന്ത്യയിലെ ബില്ല്യണര്‍ പട്ടികയില്‍ ഇന്ത്യക്കാരനായ ഡോ. ലളിത് ഖൈത്താൻ എന്ന മദ്യവ്യവസായി സ്ഥാനം പിടിച്ചതാണ് ഈ രംഗത്തെ പുതിയ വാർത്ത. ലോകത്തെ ‘ത്രീ കോമ ക്ലബ്ബില്‍’ പുതിയതായി ഇടം നേടിയിരിക്കുകയാണ് ഉത്തർ പ്രദേശുകാരനായ ഈ മാർവാഡി വ്യവസായി. കഴിഞ്ഞ ദിവസം ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലാണ് ലിക്കര്‍ മാഗ്നേറ്റും റാഡിക്കോ ഖൈത്താൻ കമ്പനി ചെയര്‍മാനുമായ ലളിത് ഖൈത്താൻ ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരന്മാരാടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മാജിക് മൊമന്റ്‌സ് വോഡ്കയ്ക്കും 8 പി.എം വിസ്‌കിക്കും ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡിക്കുമെല്ലാം പിന്നിലുള്ള റാഡിക്കോ ഖൈത്താന്റെ ഉടമയാണ്.
ലോകത്ത് അതിവേഗം വളരുന്ന മദ്യവിപണികളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ ഈ മദ്യ ഉപഭോഗ പ്രവണതയില്‍ നിന്ന് പണം ഉണ്ടാക്കുന്നതാവട്ടെ റാഡിക്കോ ഖൈത്താനും യുണൈറ്റഡ് ബ്രൂവറീസ് ഖോഡേയ് ഇന്ത്യയുമടക്കമുള്ള വന്‍കിട കമ്പനികളാണ്. കോടിക്കണക്കിന് രൂപയുടെ വിറ്റുവരവാണ് ഇത്തരം മദ്യകമ്പനികള്‍ ഓരോ വര്‍ഷവും സ്വന്തമാക്കുന്നത്. മദ്യവിപണിയിലെ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച മുതലാക്കിക്കൊണ്ടാണ് ലളിത് ഖൈത്താൻ ബില്യണര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 380 മില്ല്യണ്‍ ഡോളറാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡോ.ലളിത് ഖൈത്താൻ ചെയര്‍മാനായ റാഡിക്കോ ഖയ്താന്റെ വരുമാനം.
1943ല്‍ സ്ഥാപിക്കപ്പെട്ട രാംപുര്‍ ഡിസ്റ്റിലറി ആന്റ് കെമിക്കല്‍ കമ്പനിയാണ് പിന്നീട് റാഡികോ ഖൈത്താൻ ആയി മാറിയത്. ഉത്തര്‍പ്രദേശിലാണ് കമ്പനി ആസ്ഥാനം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന രാംപുര്‍ ഡിസ്റ്റിലറിയെ 1972ല്‍ വെറും 16 ലക്ഷത്തിനാണ് ലളിത് ഖൈത്താന്റെ പിതാവ് ജി.എന്‍ ഖൈത്താൻ വാങ്ങിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച മദ്യം ഉല്പാദിപ്പിക്കുന്ന ഗോത്ര വർഗ്ഗ വിഭാഗ ജനതകൾ എല്ലാം ജീവിതം മുന്നോട്ട് നയിക്കാനാവാതെ തളരുകയും ഭീകരവാദി അക്രമി മുദ്രകൾ ഏറ്റുവാങ്ങി തളരുകയുമാണ്.

കേരളത്തിന് പഴികേൾക്കുന്ന മദ്യ വില്പനയല്ല, ടൂറിസം പോലെ ഉല്പാദനമാണ് പുതുമാർഗ്ഗം
സ്‌കോട്ട്‌ലൻഡിലെ പഴക്കമുള്ള സിംഗിൾ മാൾട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആഗോള ബ്രാൻഡുകൾ വിസ്‌കി വിപണിയിൽ കുതിച്ചുയരാൻ ഇന്ന് കണ്ണുവെക്കുന്നത് ഇന്ത്യൻ വിസ്‌കി ബ്രാൻഡുകളിലേക്കാണ്. ബോളിവുഡ് താരങ്ങൾക്കും ഇന്ത്യൻ സംഗീതത്തിനുമൊപ്പം, ദുബായിലേക്കും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് കൊണ്ട് പെർനോഡ് അതിന്റെ ഇന്ത്യ സിംഗിൾ മാൾട്ടായ $48 ലോഞ്ചിറ്റ്യൂഡ് 77 കഴിഞ്ഞ ദിവസം പുറത്തിറക്കിയതും ഇതിന്റെ ഭാഗമാണ്. സംഗിൾ മാൾട്ട് വിസ്കി വിപണിയിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ കഴിഞ്ഞുവെന്ന് പെർനോഡ് ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കാർത്തിക് മൊഹീന്ദ്ര പറഞ്ഞു.

കേരളത്തിൽ ധാന്യങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന മദ്യം നേരത്തെ തന്നെ നാടൻ പാരമ്പര്യത്തിൻ്റെ ഭാഗമായുണ്ട്. വിവിധയിനം അപൂർവ്വ നെല്ലിനങ്ങൾ ഇതിന് ഉപയോഗിച്ച് രുചി വ്യത്യാസങ്ങൾ അനുഭവിപ്പിച്ചിരുന്നു. നെല്ലിക്ക, നാളികേരം, തുടങ്ങിയ വസ്തുക്കളിൽ നിന്നും കേരളത്തിൻ്റെ തനത് സുഗന്ധ വ്യഞ്ജനങ്ങളുടെ രുചിയിൽ നിർമ്മിതികൾ ഉണ്ടായിരുന്നു. നാടൻ കള്ള് ഉപയോഗിച്ച് ബ്ലൻഡ് ചെയ്തവയും ഉണ്ടായിരുന്നു. റമ്മിൻ്റെ ഉറവിടം തന്നെയും ആയുർവേദത്തിലെ അരിഷ്ടങ്ങളുടെ രഹസ്യത്തിൽ നിന്നാണെന്ന ഒരു അവകാശവാദവും നിലനിൽക്കുന്നു എന്നാൽ ഇതിനെ കുറിച്ച് എന്തെങ്കിലും അന്താരാഷ്ട്ര വിപണി അധിഷ്ഠിത പഠനമോ ഗവേഷണമോ എവിടെയും പ്രോത്സാഹിപ്പിക്കപ്പെട്ടില്ല.
പെർനോഡിന്റെ വലിയ എതിരാളിയായ ഡിയാജിയോ കഴിഞ്ഞ വർഷം അതിന്റെ ആദ്യത്തെ ഇന്ത്യൻ സിംഗിൾ മാൾട്ടായ ഗോദവാൻ പുറത്തിറക്കി. വംശനാശഭീഷണി നേരിടുന്ന ഒരു വലിയ ഇന്ത്യൻ പക്ഷിയുടെ പേരിലാണ് ഈ ബ്രാൻഡ് അറിയപ്പെടുന്നത്. യു എസ് ഉൾപ്പെടെ അഞ്ച് വിദേശ വിപണികളിലാണ് ഇന്ന് ഗോദവാൻ പോപ്പുലറായി മാറിയിരിക്കുന്നത്.
2021-22ൽ 144% ഉയർച്ച കൈവരിച്ച ഇന്ത്യൻ സിംഗിൾ മാൾട്ടുകൾ സ്കോച്ചിന്റെ 32% വളർച്ചയെയാണ് മറികടന്നതെന്ന് ഐഡബ്ല്യു എസ് ആർ ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2027 വരെയുള്ള കാലയളവിൽ സ്കോച്ചിനെ അപേക്ഷിച്ച് ഇന്ത്യൻ മാൾട്ടുകളുടെ ഉപഭോഗം 13% വളർച്ച കൈവരിക്കുമെന്നും ഇവർ പ്രവചിക്കുന്നു. നിലവിൽ ഇത് 8% ആണ്.
