ഹിജാബ് നിയമം പാലിച്ചില്ലെന്നതിൻ്റെ പേരിൽ ഇറാനിലെ കുപ്രസിദ്ധമായ മതകാര്യപോലീസിൻ്റെ മർദനത്തിനിരയായ പതിനാറുകാരി മരിച്ചു. ടെഹ്‌റാനിലെ ഷൊഹാദ മെട്രോ സ്റ്റേഷനുസമീപം തീവണ്ടിയിൽവെച്ചാണ് അർമിത ഗരവന്ദ് എന്ന പെൺകുട്ടി മതകാര്യ പൊലീസ് നടപടിക്ക് ഇരയായത്.
മർദ്ദനമേറ്റ കുട്ടി ആശുപത്രിയിൽ കോമയിലായിരുന്നു. 25 ദിവസത്തിലധികം ആശുപത്രിയിൽകഴിഞ്ഞ അർമിതയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഒന്നിനായിരുന്നു സംഭവം. കുർദിഷ് വംശജയായ അർമിത സുഹൃത്തുക്കൾക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യവെയായിരുന്നു മതകാര്യ പോലീസിന്റെ ആക്രണമത്തിനിരയാകുന്നത്. രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് കുട്ടി കുഴഞ്ഞുവീണ് തലയിടിച്ചാണ് മരണം. സംഭവത്തിൽ സുരക്ഷാസേനയ്ക്ക് പങ്കില്ലെന്നുമാണ് പൊലീസ് വിശദീകരണം.
അബോധാവസ്ഥയിലായ പെൺകുട്ടിയെ മറ്റു പെൺകുട്ടികൾ ചേർന്നാണ് തീവണ്ടിയിൽനിന്ന് പുറത്തേക്ക് എത്തിച്ചത്. ഇതിൻ്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മാഷാ അമിനിയുടെ മരണത്തിന് ഒരു വർഷം തികയുമ്പോഴാണ് സമാന സംഭവം. പൊലീസ് കസ്റ്റഡിയിൽ വെച്ചാണ് ശിരസ് മറയ്ക്കുന്ന വസ്ത്രം ധരിച്ചില്ലെന്ന പേരിൽ മർദ്ദനമേറ്റ് മാഷാ അമിനി മരിച്ചത്.