ഗസ്സയിലെ വെടിനിർത്തൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുമെന്ന ധാരണ പാഴായി. ഗസ്സയിലെ ബന്ദികളെ വെള്ളിയാഴ്ചക്ക് മുമ്പ് മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. നാല് ദിവസത്തെ കരാർ ഹമാസും ഇസ്രയേലും അംഗീകരിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നാണ് ഇസ്രയേൽ നിപലാട്.
വ്യോമാക്രമണവും കനത്ത ഷെല്ലാക്രമണവും തുടരുകയാണ്. നാല് ദിവസത്തെ ഇടവേള എപ്പോൾ ആരംഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. വെള്ളിയാഴ്ചക്ക് മുൻപ് ബന്ദികളെ മോചിപ്പിക്കാനാകില്ലെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്.
48 ദിവസം നീണ്ട യുദ്ധത്തിന് ഒടുവിൽ ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേല്‍ താൽകാലിക വെടിനിർത്തൽ കരാർ അംഗീകരിച്ചത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ.
വെടിനിർത്തലിന് പുറമേ, ഈ ദിവസങ്ങളിൽ ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും. ഒക്‌ടോബർ ഏഴു മുതൽ ഗസ്സയിൽ 14,500-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം 1,200 ആണ്.