ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് ഇടവേള. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ഇസ്രയേൽ ആക്രമണം നിർത്തിവെച്ചു. വെടിനിർത്തലിന് തൊട്ട് മണിക്കൂറുകൾ മുമ്പ് വരെ ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബ് വര്‍ഷിച്ചു.
ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ആക്രണണം റിപ്പോര്‍ട്ട് ചെയ്തത്.
ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക.
വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തിൽ ബന്ദി കൈമാറ്റം. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സങ്കേതങ്ങൾ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി സന്ദർശിക്കണമെന്ന് നിർദിഷ്ട വെടിനിർത്തൽക്കരാറിൽ പറയുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.
വെടിനിർത്തലിന് മുൻപ് കനത്ത ആക്രമണം അഴിച്ചു വിട്ട് ഇസ്രയേൽ

ജബലിയ അഭയാർഥിക്യാമ്പിനുനേരെയും ബെയ്ത് ഹനൂനിലെ ജനവാസകേന്ദ്രം, പള്ളി എന്നിവയ്ക്കുനേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറിലേറെ ഹമാസ് താവളങ്ങൾ തകർത്തതായി ഇസ്രയേൽസേന അവകാശപ്പെട്ടു.
പലസ്തീനികൾക്ക് അഭയം നൽകുന്ന യുഎൻആർഡബ്ല്യുഎ സ്കൂളിലും ആക്രമണമുണ്ടായി. പോരാട്ടം നിർത്തുന്നതിന് മുന്നോടിയായി ഇന്തോനേഷ്യൻ ആശുപത്രിയിൽ തീവ്രമായ ബോംബാക്രമണമുണ്ടായതായി ഗാസയിലെ പലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു.
ഗാസ മുനമ്പിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ താൽക്കാലിക ഉടമ്പടി ബാധകമാകും. മോചിപ്പിക്കപ്പെടുന്നവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്. ഗാസ മുനമ്പിലെ ഭയാനകമായ മാനുഷിക സാഹചര്യങ്ങളെക്കുറിച്ച് സഹായ ഏജൻസികൾ തുടർച്ചയായ മുന്നറിയിപ്പുകൾ നൽകുന്നതിനാൽ വിവിധ തരത്തിലുള്ള സഹായങ്ങളും കരാറിന്റെ ഭാഗമായി ഗാസയിലെത്തിക്കും.
കരാർ പ്രകാരം വെടിനിർത്തൽ ആരംഭിച്ചാൽ ഗാസയിലേക്ക് പ്രവേശിക്കാൻ ഏകദേശം 1,300 ടൺ ഭക്ഷ്യ വസ്തുക്കളുമായി നൂറിലധികം ട്രക്കുകൾ തയാറാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ ഒരു പ്രധാന ചുവടുവയ്പാണെങ്കിലും സമ്പൂർണ വെടിനിർത്തലിന് മാത്രമേ ഗാസയിലെ മാനുഷികാവശ്യങ്ങൾ ശരിയായി നിറവേറ്റാൻ സാധ്യമാക്കൂയെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മിഡിൽ ഈസ്റ്റ് വക്താവ് അബീർ എറ്റെഫ പറഞ്ഞു.
130,000 ലിറ്റർ ഡീസലും നാല് ട്രക്കുകളിൽ ഗ്യാസും നാല് ദിവസത്തെ വെടിനിർത്തലിൽ ഗാസയിലേക്ക് ദിവസവും എത്തിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഈജിപ്ത് 75,000 ലിറ്റർ ഇന്ധനം ഗാസയിലേക്ക് നൽകിയിരുന്നു.
ഒന്നരമാസമായിത്തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14,500 കടന്നു. 13,300 പലസ്തീൻ ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഹമാസ് തുടങ്ങി വെച്ച ആക്രമണത്തിൽ 1200 ഇസ്രയേൽ പൌരൻമാരും കൊല്ലപ്പെട്ടു.