ഏക സിവില്‍കോഡ് വിഷയത്തിൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന തുറന്ന സംവാദത്തിൽ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം തള്ളി മുസ്ലീം ലീഗ്. ഞായറാഴ്ച പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സി.പി.എം ക്ഷണിച്ചിരിക്കുന്നത് മുസ്ലീം ലീഗിനെ മാത്രമാണ്. മറ്റ് ഘടകക്ഷികള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ മാറ്റി വച്ചുകൊണ്ട് ഏക സിവില്‍ കോഡ് വിഷയത്തില്‍ ആര്‍ക്കും മുന്നോട്ട് പോകാനാകില്ല. ഇത്തരമൊരു സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ഭാവിയില്‍ ദോഷമുണ്ടാക്കുമെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
ക്ഷണം തള്ളി, ഒന്നിച്ച് നിൽക്കാൻ ആഹ്വാനം
ഏക സിവില്‍കോഡ് വിഷയം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലാതിരുന്നിട്ടും സിപിഎം എന്തുകൊണ്ടാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതിരുന്നത് എന്നാണ് ലീഗ് ഉയര്‍ത്തുന്ന ചോദ്യം.
ഏക സിവില്‍കോഡിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് അത് ദേശീയ വിഷയമാണ്. അത്തരം ഒരു നിയമം പാര്‍ലമെന്റില്‍ പാസാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ വിശ്വാസം രേഖപ്പെടുത്തി
ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും സംഘടനകള്‍ക്കുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടകമാണ് മുസ്ലീം ലീഗ്. ഈ വിഷയത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ഈ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ ലീഗിന് യാതൊരു വിരോധവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സെമിനാറുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടി ആകരുത്. മുസ്ലീം ലീഗ് എം.പിമാരുടെ സംഘം മണിപ്പുര്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
ബദൽ സെമിനാർ
സിപിഎം സെമിനാറില്‍ സമസ്തയടക്കമുള്ള മുസ്ലിം സംഘടനകള്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ അതിനെ അടച്ചാക്ഷേപിക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃയോഗത്തില്‍ ധാരണയായത്. രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരായ നീക്കമാണ് ഇതെന്നാണ് വിലയിരുത്തലില്‍ വേണം പ്രക്ഷോഭത്തിനിറങ്ങാന്‍. മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാക്കി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളെ എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും മുസ്ലിംലീഗ് വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎം നീക്കത്തെ മറികടക്കാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ഒരു ‘മാതൃക’ സെമിനാര്‍ സംഘടിപ്പിക്കാനും ലീഗ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. മുന്നണി വ്യത്യാസമില്ലാതെ എല്ലാ മതേതര സംഘടനകള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ടാകുമെന്നും അതൊരു മാതൃക സൃഷ്ടിക്കുമെന്നുമാണ് ലീഗ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്.