കാന്തപുരം എ.പി അബൂബക്കർ മുസലിയാർ വിഭാഗം നടത്തുന്ന സമസ്ത നൂറാം വാർഷിക ആഘോഷ പരിപാടിയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. 1980-ൽ സമസ്തയിൽ നിന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി പുറത്തുപോയ ചിലർ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവർത്തനം നടത്തി വരികയാണെന്ന് അദ്ദേഹം അഭിപ്രയാപ്പെട്ടു.
കേരളത്തിലെ സുന്നി വിശ്വാസ ധാരിയിലെ പിളർന്നു മാറിയ എ.പി, ഇ.കെ വിഭാഗങ്ങൾ തമ്മിൽ അടുക്കുന്നതായുള്ള വാർത്തകൾക്ക് ഇടയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിശദീകരണം. പുറത്തുപോയവർ നൂറാം വാർഷികം എന്ന പേരിൽ നടത്തുന്ന പരിപാടിയുമായി സമസ്തയ്ക്ക് ബന്ധമില്ല. അതിന്റെ യാഥാർഥ്യം പ്രവർത്തകർ എല്ലാവരും മനസ്സിലാക്കണം ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
നൂറാം വാർഷികം ആർക്കും നടത്താം. സമസ്തയുടേതാണ് ഔദ്യോഗിക പരിപാടി. ഇകെ അബൂബക്കർ മുസ്‌ലിയാറുടെ ഖബർ ആർക്കും സന്ദർശിക്കാം. ഇത് എപിയുടെ മടങ്ങിവരവായി കാണാം.തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കും. എന്നാൽ, ഉപാധികൾ ഉണ്ട്. സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
പരിപാടിയുടെ ചർച്ച തുടങ്ങിയ ഘട്ടത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമസ്തയുടെ ചില പോഷകസംഘടനകൾ വിമർശനവും ഉന്നയിച്ചിരുന്നു.
എന്നാൽ, ആർക്കു വേണമെങ്കിലും ഖബർ സന്ദർശനം നടത്താമെന്നും അതിലൊന്നും തെറ്റില്ലെന്നുമാണ് ജിഫ്രി തങ്ങൾ പ്രതികരിച്ചിരുന്നത്. നേരത്തെ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകാം ഖബർ സന്ദർശനമെന്നാണ് തങ്ങൾ വിലയിരുത്തുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.