സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. തമിഴ്‌നാട് മുന്‍ ഗവര്‍ണറുമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്നിട്ടുണ്ട്.
1950-ല്‍ അഭിഭാഷകയായി എൻറോൾ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുന്‍സിഫ് ജഡ്ജിയായി നിയമിതയായത്. 1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും ഉയർന്നു. 1974-ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989-ല്‍ സുപ്രീംകോടതിയില്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി. മൂന്നുവര്‍ഷം സുപ്രീംകോടതിയില്‍ തുടർന്നു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽനിന്ന് വിരമിച്ചെങ്കിലും ഒക്ടോബർ ആറിന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമനം ലഭിക്കുകയായിരുന്നു.
1992 ഏപ്രിൽ 29ന് വിരമിച്ചു. 1980 കാലഘട്ടത്തിൽ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിലെ ജുഡീഷ്യൽ അംഗമായിരുന്നിട്ടുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷയാണ്. രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഗവർണറും ഫാത്തിമ ബീവിയായിരുന്നു. ഏഷ്യയിൽ തന്നെ പരമോന്നതകോടതികളിൽ ജഡ്ജിയായ വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിയ്ക്കുണ്ട്.
1997 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് തമിഴ്‌നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഈവര്‍ഷം കേരള സര്‍ക്കാര്‍ ‘കേരള പ്രഭ’ പുരസ്‌കാരം നല്‍കി ഫാത്തിമ ബീവിയെ ആദരിച്ചിരുന്നു. സാമൂഹികരംഗത്തെയും സിവില്‍സര്‍വീസിലെയും സംഭാവനകള്‍ക്കാണ് ഫാത്തിമ ബീവിക്ക് ‘കേരളപ്രഭ’ പുരസ്‌കാരം സമ്മാനിച്ചത്.
അവിവാഹിതയാണ്. ഖബറടക്കം നാളെ ഉച്ചക്ക് 12ന് പത്തനംതിട്ട ജുമാ മസ്ജിദിൽ.