കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്.
യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. രാവിലെ 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഒരു സ്ത്രീയാണ് മരിച്ചത്. 35 പേർ ചികിത്സയിലുണ്ട് എന്നതാണ് പുതിയ വിവരം.
കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. ടിഫിൻ ബോംബാണ് പൊട്ടിത്തെറിയുടെ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഐഇഡിയുടെ (ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) അവശിഷ്ടങ്ങൾ കണ്ടെത്തി. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.
കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
അതേസമയം, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംഭവസ്ഥലത്തെത്തി. ഇന്റലിജന്‍സ് ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാമും ഡി.ജി.പിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ കളമശ്ശേരിയില്‍ എത്തിയ ഇരുവരും റോഡ് മാര്‍ഗം സ്‌ഫോടന സ്ഥലത്തെത്തി.
സ്‌ഫോടനം നടന്ന സ്ഥലത്ത് ഇരുവരും പരിശോധന നടത്തും. ദേശീയ അന്വേഷണ ഏജന്‍സി, ഡോഗ് സക്വോഡ്, സംസ്ഥാന ഭീകരവിരുദ്ധസേന, ഇന്റലിജന്‍സ് ബ്യൂറോ എന്നീ ഏജന്‍സികള്‍ നേരത്തെ തന്നെ സംഭവസ്ഥലത്തുണ്ട്.
സ്ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.