രാഷ്ട്രീയ രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദി കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ നാലാംഗ സംഘം സുഖ്ദേവ് സിങ്ങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ജയ്പൂരിലെ ശ്യാം നഗറിലെ വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്.
വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും പരിക്കേറ്റതായി രാജസ്ഥാൻ ഡി.ജി.പി ഉമേഷ് മിശ്ര പറഞ്ഞു. നെഞ്ചിലും തലയിലും വെടിയേറ്റ സുഖ്ദേവ് സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
2015ൽ കർണിസേനയിൽ നിന്ന് വേർപിരിഞ്ഞ സുഖ്ദേവ് സിങ് സ്വന്തം സംഘടന രൂപീകരിക്കുകയായിരുന്നു. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ രണ്ടു സംഘടനകളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.
പദ്മാവത് സിനിമയ്ക്കെതിരെ സുഖ്ദേവ് സിങ് ഗോഗ മേദിയുടെ നേതൃത്വത്തിൽ രാജസ്ഥാനിൽ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് അക്കാലത്ത് സുഖ്ദേവിന്റെ നേതൃത്വത്തിൽ നടന്നത്.
റാണി പദ്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ചരിത്രം വളച്ചൊടിച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് രജ്പുത് കര്‍ണിസേന വിഭാഗം പദ്മാവതിനെതിരെ പ്രതിഷേധവും നിരോധനവും നടത്തിയത്. പലയിടത്തും കര്‍ണിസേന വലിയ തോതിലുള്ള അക്രമങ്ങള്‍ അഴിച്ചുവിടുകയും സിനിമയെ എതിര്‍ക്കാത്തവരെ അക്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് സുഖ്ദേവ് സിങ് ഈ നിലപാടിൽ നിന്ന് മാറി. സിനിമയ്ക്ക് അനുകൂലമായി പ്രസ്താവന ഇറക്കി. സംഘടനയിലെ വിരുദ്ധ നിലപാടുകൾ ഈ ഘട്ടത്തിലും ചർച്ചയായി.
രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ രജ്പുത്ത് വോട്ടുകൾ ഏകീകരിച്ച സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ഭവർ സിങിന് കഴിഞ്ഞ ഓഗസ്റ്റിൽ ഉദയ്പൂർൽ വെച്ച് വെടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. സപ്തംബറിൽ മധ്യപ്രദേശിൽ ജില്ലാ നേതാവ് രോഹിത് സിങ് രജ്പുത്ത് എന്ന യുവാവ് കുത്തേറ്റു മരിച്ച സംഭവവും ഉണ്ടായി.

ബോളിവുഡ് ചിത്രം പൃഥ്വിരാജിന്‍റെ (Prithviraj) റിലീസ് നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണി സേന (Karni Sena) രംഗത്ത് എത്തിയിരുന്നു. ചരിത്രപുരുഷനും ഹിന്ദു രാജാവുമായിരുന്ന അപഹേളിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കര്‍ണി സേന ആരോപിച്ചിരുന്നു. ചിത്രത്തിലെ നായികയായ മാനുഷി ഛില്ലാറിന്‍റെ വസ്ത്രധാരണത്തേക്കുറിച്ചും കടുത്ത പ്രയോഗങ്ങൾ നടത്തി.
നിഖാബ് നിരോധിക്കുന്നതിനോട് തനിക്കെതിർപ്പില്ലെന്നും എന്നാൽ അതിനൊപ്പം ‘ഗൂംഘട്ട്’ നിരോധനവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കവി ജാവേദ് അക്തറിന് കർണിസേനയുടെ ഭീഷണി ഉണ്ടായിരുന്നു. വീട്ടിൽ കയറി ആക്രമിക്കുമെന്നും കണ്ണ് ചൂഴ്‌നെന്നെടുക്കുകയും നാവ് പിഴുതെടുക്കുകയും ചെയ്യുമെന്നായിരുന്നു ഭീഷണി.
ഉത്തരേന്ത്യൻ നാടുകളിൽ ചില ജാതിവിഭാഗങ്ങൾ ധരിക്കുന്ന മുഖാവരണമാണ് ഗൂംഘട്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് കർണി സേന മഹാരാഷ്ട്ര വിങ് പ്രസിഡണ്ട് ജീവൻ സിങ് സോളങ്കി അയച്ച വീഡിയോയിലാണ് ഈ ഭീഷണി പരസ്യമായി ഉയർത്തിയത്. മൂന്നു ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾക്ക് തയ്യാറാകണമെന്നും ജീവൻ സിങ് വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് അരിയുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര കര്‍ണി സേന മേധാവി അജയ് സെംഗര്‍ രംഗത്ത് എത്തിയിരുന്നു. താണ്ഡവ് വെബ് സീരീസിനെതിരെയാണ് അജയ് സെംഗര്‍ രംഗത്തെത്തിയത്. ഇതിനെല്ലാം ഇടയിലാണ് കൊലപാതകങ്ങളും ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.