കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. പ്രതിവർഷം ശരാശരി 30,000 നിയമനങ്ങളാണ് കേരളത്തിൽ നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യനീതി ശരിയായ രീതിയിൽ ഉറപ്പുവരുത്തി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി എസ് സി.എന്നാൽ ഈ സ്ഥാപനത്തിനെ താറടിക്കുന്ന നടപടിയാണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നും അദ്ദേഹം തുടർന്നു.

അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടക്കുമ്പോഴും കൃത്യമായ രീതിയിൽ എല്ലാം നടത്തിക്കൊണ്ടു പോകാൻ പി എസ് സി ക്ക് കഴിയുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നാമമാത്രമാണ് നിയമനം. കഴിഞ്ഞ ഏഴര വർഷത്തിനിടെ രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിനകം നിയമനം കേരള പി എസ് സി നടത്തി. പക്ഷെ കേന്ദ്രത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന നയമാണ്. റെയിവേയിൽ മാത്രം മൂന്നു ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നുണ്ട്.സാധാരണ നിലയിലെ നിയമനം അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി എടുത്തുകാട്ടി.