കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലിനായി സുപ്രീം കോടതിയെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം കാണിക്കുന്ന വിവേചനം കേരളത്തെ ഞെരുക്കുകയാണ്. സാമ്പത്തിക ആഘാതം താങ്ങാവുന്നതിലേറെ ആണ്. സംസ്ഥാനത്തോട് കേന്ദ്രത്തിന് പ്രതികാര ബുദ്ധിയാണ്. വിവേചനപരമായ നടപടികൾ കേന്ദ്രം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോട്ടയത്ത് നവകേരള സദസ്സിൽ പങ്കെടുത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകളിൽ
“പുതിയ ജിഎസ്‌ടി സംവിധാനം അനുസരിച്ച് ജിഎസ്‌ടി വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്റെ ഫലമായി 2020-21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി. എന്നാൽ, ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാന്റിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്.
വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി എടുക്കുന്ന വായ്പയെ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ സംസ്ഥാനത്തെ ഗുരുതരമായ വൈഷമ്യത്തിൽ എത്തിച്ചിരിക്കുന്നു. ഇതിങ്ങനെ തുടർന്നും മുന്നോട്ടുപോകുന്നത് അപകടകരമാണ്. വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രം ചെയ്തത്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നിയമ പോരാട്ടം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണ്. ഭരണഘടനയുടെ 131ാം ആർട്ടിക്കിൾ അനുസരിച്ച് കേന്ദ്രസംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീം കോടതിക്കുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്നാണ് കേരളം ഹർജിയിൽ അഭ്യർത്ഥിക്കുന്നത്.
ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾക്ക് മേൽ കേന്ദ്രം കടന്നുകയറുകയാണ്. കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കണം. കടമെടുപ്പ് പരിധി നിശ്ചയിക്കാൻ കേന്ദ്രത്തിന് അധികാരം ഇല്ല. സുപ്രീം കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത സാമ്പത്തിക ദുരന്തം ഉണ്ടാകും. സമീപഭാവിയിൽ ഇത് മറികടക്കാൻ ആവില്ല. പടിപടിയായി കേന്ദ്രം ഇടപെട്ട് ഇതിനെ തകർക്കുന്നു.
സംസ്ഥാനത്തിന് 26,226 കോടി രൂപ അടിയന്തരമായി വേണം. കേന്ദ്ര ഇടപെടൽ മൂലം അടുത്ത 5 വർഷം 23 ലക്ഷം കോടി നഷ്ടം സംസ്ഥാനത്ത് ഉണ്ടാകും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികൾ റദ്ദ് ചെയ്യണം. ചരിത്രപരമായി പോരാട്ടത്തിന് പ്രതിപക്ഷം കൂടെ നിൽക്കണം. ഗവർണർ വിശദീകരണം ചോദിക്കേണ്ടത് കേന്ദ്രത്തിനോടാണ്. സംസ്ഥാനത്ത് സ്ഥാനം ഉറപ്പിക്കാൻ ബിജെപി വലിയ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് നടക്കുന്നില്ല.
കേരളത്തെ പാഠം പഠിപ്പിക്കാനാണ് അവർ നീക്കം നടത്തുന്നത്. സാമ്പത്തിക ദുരന്തം വന്നാൽ പലകാര്യങ്ങളും മുടക്കേണ്ടി വരും. ഒട്ടേറെ മേഖലകളിൽ പണം ചെലവഴിക്കേണ്ടി വരും. ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിന്റെ അഭിപ്രായത്തിന് ഒപ്പമുണ്ട്. ആരോഗ്യപരമായ നിലപാടുകൾ മാധ്യമങ്ങളും സ്വീകരിക്കണം. കുറേക്കാലത്തേക്ക് കേരളത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരും. അഭിപ്രായ വ്യത്യാസം മറന്ന് മാധ്യമങ്ങളും പ്രവർത്തിക്കണം.
ഗവർണർക്ക് മറുപടി കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. പരാതി വന്നാൽ, ഫോർവേഡ് ചെയ്താൽ മറുപടി പറയുകയല്ല സർക്കാരിന്റെ ബാധ്യത. കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കേന്ദ്രത്തെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടാണ് യുഡിഎഫ് എംപിമാരുടേത്. ആ നിലപാടിൽ നിന്ന് അവർ പിന്മാറണം. ഒന്നിച്ച് നിന്ന് മുന്നോട്ട് പോയാൽ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയും. പാർലമെന്റിൽ നടന്ന സംഭവങ്ങളെ അപലപിക്കുന്നു. ഇങ്ങനെ ഉണ്ടാകാന്‍ പാടില്ല. വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നാണ് കരുതുന്നത്,” പിണറായി വിജയന്‍ പറഞ്ഞു.