സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രഥമ കെ.എം ബഷീര്‍ സ്മാരക നവമാധ്യമ പുരസ്‌കാരം പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ അഞ്ജന ശശിക്ക്. വിഷാദം, നൈരാശ്യം, പഠന പ്രശ്നങ്ങൾ, ഡിജിറ്റല്‍ അടിമത്വം എന്നിങ്ങനെ കുട്ടികളെ സ്വയം ഹത്യയിലേക്ക് നയിക്കുന്ന വർത്തമാന കാല പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണ പഠന പരമ്പരയാണ് അവാർഡിന് പരിഗണിച്ചത്.
കുട്ടികളെ സംബന്ധിച്ച മികച്ച ടെലിവിഷന്‍ പരിപാടിയ്ക്കുള്ള ശിശുക്ഷേമ സമിതിയുടെ പ്രത്യേക പുരസ്‌കാരം യുവ പത്രപ്രവർത്തക പി.ആര്യക്ക് ലഭിച്ചു. ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത പഠിക്കുന്ന പരമ്പരയാണ് അവാർഡിന് പരിഗണിച്ചത്. ഇരുവരും ഇപ്പോൾ മാതൃഭൂയിൽ പത്രപ്രവർത്തകരാണ്.
ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച ടെലിവിഷൻ പരിപാടിക്കുള്ള ടി എൻ ഗോപകുമാർ സ്മാരക അവാർഡ് മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടൻ്റായി ജോലി ചെയ്യുന്ന പ്രശാന്ത് ആർ നായർക്ക് ലഭിച്ചു.
ശിശുക്ഷേമ സമിതിയുടെ എന്‍.നരേന്ദ്രസ്മാരക പ്രത്യേക പുരസ്കാരം മാധ്യമം കറസ്പോണ്ടന്‍റ് അനിരു അശോകന് ലഭിച്ചു. 2022ലെ സംസ്ഥാന സ്കൂള്‍ കായികമേളയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയ്ക്കാണ് അവാർഡ്.
കുട്ടികളെ സംബന്ധിച്ച മികച്ച പത്രവാര്‍ത്തയ്ക്കുള്ള അവാര്‍ഡ് ദേശാഭിമാനിയിൽ ചീഫ് സബ് എഡിറ്ററായിരിക്കുന്ന റഷീദ് ആനപ്പുറത്തിനു ലഭിച്ചു. ദീപിക ദിനപത്രം പാലക്കാട് ബ്യൂറോചീഫ് ആയി പ്രവർത്തിക്കുന്ന എം.വി. വസന്തിനാണ് പ്രത്യേക പുരസ്കാരം. വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ്, മികച്ച വാര്‍ത്താചിത്രം കെ.ബി.സിബു (മലയാള മനോരമ) നേടി.
പുരസ്ക്കാരങ്ങള്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച രാവിലെ പതിനൊന്ന്മണിക്ക് ശിശുക്ഷേമ സമിതി അങ്കണത്തില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.
ഇത്തവണ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികളുടെ മികച്ച റിപ്പോര്‍ട്ടിംഗിനും സമഗ്ര കവറേജിനുമുള്ള മാധ്യമ പുരസ്ക്കാരങ്ങളും അന്ന് സ്പീക്കര്‍ വിതരണം ചെയ്യും.