കൊല്ലം ഓയൂരില്‍ ആറുവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്ച രാവിലെ പൂയപ്പള്ളി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മെഡിക്കല്‍ പരിശോധനയ്ക്കുശേഷം ഇവരെ തെളിവെടുപ്പിന് പൂയപ്പള്ളിയില്‍ എത്തിക്കും. അമ്മയ്ക്കും മകൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘമെത്തിയിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തിക ബാധ്യത വന്നു പെട്ടിരുന്നു. ഇത് മറികടക്കാന്‍ തട്ടിക്കൊണ്ടുപോയി വിലപേശി പണം കൈപ്പറ്റുക എന്നതായിരുന്നു ഉദ്ദേശമെന്നാണ് പോലീസ് നിഗമനം പുറത്തു വന്നിട്ടുള്ളത്.
പത്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. 1993 ൽ ടി കെ എം എഞ്ചിനിയറിംഗ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ. മകൾ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ്.

പത്മകുമാർ തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നായിരുന്നു എന്ന് മൊഴി നൽകിയിരുന്നു. ഇത് കേസ് വഴിതിരിച്ചുവിടാനാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. മകളുടെ നേഴ്‌സിങ് അഡ്മിഷനുവേണ്ടി ആറുവയസ്സുകാരിയുടെ പിതാവിന് അഞ്ചുലക്ഷം രൂപ നല്‍കിരുന്നു. അഡ്മിഷന്‍ ലഭിക്കാതായതോടെ പണം തിരികെ വാങ്ങാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു അദ്യമൊഴി.
ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയിൽ പത്മകുമാറും സംഘവും ഭീഷണി കത്ത് നൽകിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ സഹോദരൻ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളിൽ തന്നെ വീണു. ഇവിടെ മുതലാണ് പത്മകുമാറിന്റെ പ്ലാനുകൾ പാളിത്തുടങ്ങിയത്.
കുട്ടിയുടെ പിതാവിനെയും മാതാവിനെയും ബന്ധപ്പെട്ട് വിലപേശാൻ ഫോൺ ഉപയോഗിക്കേണ്ടി വന്നു. കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവൻ സംഭവമറിഞ്ഞെന്ന് വ്യക്തമായി. ഇനി രക്ഷയില്ലെന്നും ഭയന്നു. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.